ജോസ് കുമ്പിളുവേലിൽ
ചങ്ങനാശേരി: പാറേല്‍ മര്‍ത്തമറിയം പള്ളി കൂദാശയോടനുബന്ധിച്ച് പാറേല്‍ മാതാവിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ടുള്ള "എന്റെ പാറേല്‍ മാതാവേ' എന്ന മനോഹരമായ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു. ജര്‍മന്‍ മലയാളിയും പ്രവാസി അപ്പൊസ്തലേറ്റ് ജര്‍മനിയുടെ കോ-ഓര്‍ഡിനേറ്ററുമായ ജോസ് കുമ്പിളുവേലിലാണ് ആല്‍ബം സജ്ജമാക്കുന്നത്.
1988 മുതല്‍ ഭക്തിഗാന മേഖലയില്‍ തനതായ മുഖമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സും യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ മീഡിയായ പ്രവാസി ഓണ്‍ലൈനും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ഗാനം വിശ്വാസികള്‍ക്ക് ആത്മീയചൈതന്യം പകരുന്ന രീതിയിലാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ പ്രത്യേക അനുഗ്രഹവും ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തിന്റെ പ്രത്യേക ആശംസകളും ഈ സംരംഭത്തിന് കരുത്തുപകരുന്നുണ്ട്.
ചങ്ങനാശേരി സ്വദേശി പ്രിന്‍സ് മൈക്കിള്‍ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന, ലിബിന് സ്കറിയയുടെ മനോഹരമായ ആലാപനവും ബിനു മാതിരമ്പുഴയുടെ പശ്ചാത്തല സംഗീതവും ഗാനത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു. ഓഡിയോ മീകാസ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ മിക്സിംഗും മാസ്റ്ററിംഗും നിര്‍വഹിച്ചിരിക്കുന്നത് കുട്ടി ജോസ് ആണ്.
ജെറമിയ വീഡിയോ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഡിസൈന്‍ മേക്കേഴ്സിന്റെ മനോഹരമായ ചിത്രീകരണത്തിലൂടെയാണ് തയാറാക്കിയിരിക്കുന്നത്. ളായിക്കരി പാറയില്‍ സേവ്യര്‍ പി. ജോസഫാണ് പ്രോജക്ടിന്റെ കോ-ഓര്‍ഡിനേറ്റര്‍. അഞ്ചുവിളക്കിന് ദീപം തെളിയും നാട്ടില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഡിസൈനിംഗ് വളരെ പുതുമ പകരുന്നതാണ്. പാട്ടുകള്‍ കുമ്പിള് ക്രിയേഷന്‍സ് യുട്യൂബ് ചാനലില്‍ ലഭ്യമാണ്.
Tags : Devotional Album Nattuvishesham DistrictNews