കാസർഗോഡ്: പട്ടികവർഗ ഊരുകളില്‍നിന്ന് വിദ്യാര്‍ഥികളെ സ്കൂളുകളില്‍ എത്തിക്കുന്ന വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന വാഹനങ്ങളുടെ വാടക ഇനത്തിൽ കുടിശികയായ തുക സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി എത്രയും വേഗത്തില്‍ അനുവദിക്കണമെന്ന് കളക്ടര്‍ ശ്രീധന്യ സുരേഷ് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്കി.
ദുർഗമമായ മലയോര പാതകളിലൂടെ സർവീസ് നടത്താൻ സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി പല ഡ്രൈവര്‍മാരും ഓടാന്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെന്ന് വിഷയം ഇന്നയിച്ച ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമും ആവശ്യപ്പെട്ടു. ദുര്‍ഘടമായ പാതകളില്‍ വിദ്യാവാഹിനി പദ്ധതി നടപ്പാക്കുന്നതിന് അധികതുക അനുവദിക്കുന്നതിന് സര്‍ക്കാരിലേക്ക് ശിപാർശ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
എംപി-എംഎല്‍എ ഫണ്ടുകളില്‍നിന്ന് വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ബസുകളും കംപ്യൂട്ടറുകളും അടിയന്തരമായി ലഭ്യമാക്കാനാവശ്യമായ നടപടികള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു.
കംപ്യൂട്ടറുകൾ വാങ്ങുന്നത് സര്‍ക്കാര്‍ സംവിധാനമായ ജെംസിലൂടെയായിരിക്കണമെന്നും എംപി നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ പ്ലാനിംഗ് ഓഫീസറെ ചുമതലപ്പെടുത്തി.
ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ പൂര്‍ത്തീകരിക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
നീലേശ്വരം-ഇടത്തോട് റോഡിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കള്ളാര്‍-ചുള്ളിത്തട്ട് റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മലയോര ഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാല്‍ റീച്ചില്‍ വനഭൂമിക്ക് പകരം ഭൂമി വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ. നീലകണ്ഠൻ എംഎല്‍എ ആവശ്യപ്പെട്ടു. റാണിപുരത്തെ ഡിടിപിസി അമിനിറ്റി സെന്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും പ്രവൃത്തിയിലെ ഗുണമേന്മ സംബന്ധിച്ച പരാതികള്‍ പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ആവശ്യപ്പെട്ടു.
എംഎല്‍എമാരായ എ.കെ.എം. അഷ്റഫ്, കല്ലട്ര മാഹിന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ ഉന്നയിച്ച വിവധ പ്രവൃത്തികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, എഡിഎം പി ഉദയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഡോ. ബി.എം അനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags :