പാലക്കാട്: കേരള സ്കൂൾ പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2, 3, 4, 5 തിയതികളിൽ ചിറ്റൂരിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യശാസ്ത്രമേള ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പ്രവൃത്തിപരിചയമേളയും ഗണിതമേളയും വിജയമാത കോണ്‍വന്റ് ഹയർ സെക്കൻഡറി സ്കൂളിലും ഐടി മേള ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഡിഡിഇ ഓഫീസിൽ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നിന് രാവിലെ പത്തിന് ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ പേഴ്സൺ ആർ. ബാബു അധ്യക്ഷത വഹിക്കും.
നാലിന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീബ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു പങ്കെടുക്കും. മത്സരാർഥികൾക്കുള്ള ഭക്ഷണശാല നെഹ്റു ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.
ഓരോ മത്സരവേദിയിലും പാക്കറ്റുകളിലാക്കി ഭക്ഷണം വിതരണം ചെയ്യും. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.
മത്സരാർഥികൾ ഉൾപ്പെടെയുള്ളവർക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷൻ ഷാ, സംഘാടക സമിതി ഭാരവാഹികളായ എം. ശ്രീജിത്ത്, കെ.എം. അബ്ദുറഹ്മാൻ, ടി.പി. മനോജ് എന്നിവർ പങ്കെടുത്തു.
Tags :