അഞ്ചല്‍ : മണ്ഡലം മുസ്ലിം ലീഗിനോ അതോ കോണ്‍ഗ്രസിനോ. പുനലൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്.
ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പുനലൂരില്‍ ലീഗ് മത്സരിക്കുമെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം പിന്നീടെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ലീഗില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണം ദിവസങ്ങളായി നടക്കുന്നുണ്ട്. ചില നേതാക്കളുടെ പേരും സാധ്യതാ ലിസ്റ്റ് എന്ന പേരില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു രണ്ടുനാള്‍ പിന്നിടുമ്പോഴും മണ്ഡലം ആര്‍ക്കെന്നോ സ്ഥാനാര്‍ഥി ആരെന്നോ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് നേതാക്കളും പ്രവര്‍ത്തകരും. പുനലൂര്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്ത് പകരം തൊട്ടടുത്ത മണ്ഡലമായ ചടയമംഗലം ലീഗിന് നല്‍കാനുള്ള ചര്‍ച്ചയും സജീവമായിരുന്നു. ഇതിനെതിരെ ചടയമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.
ആകുമ്പോള്‍ അറിയിക്കാം എന്ന മറുപടിയാണ് ലഭിക്കുന്നത്.മറുപടിയില്‍ തീരുമാനം വൈകുന്നതിലെ അതൃപ്തിയും ഇവരുടെ വാക്കുകളില്‍ വ്യക്തം. എന്നാല്‍ ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ ഉടനീളം ആദ്യ ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. സ്വീകരണ പര്യടനം ആരംഭിക്കാനുള്ള തിരക്കിലാണ് ഇടതുനേതൃത്വം.
സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ മണ്ഡലം എന്ന പ്രത്യേകതയുള്ള പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ജില്ലാ നേതാക്കള്‍ നേരിട്ട് തന്നെയാണ്.
Tags : nattu vishesham Dissatisfaction UDF in Punalur