സ്കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുന്നത് സംബന്ധിച്ച യോഗം.
പൊൻകുന്നം: ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിലെ സർക്കാർ സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്തിൽ സ്കൂളുകൾ സന്ദർശിച്ചു. സ്കൂളുകളുടെ പോരായ്മകൾ പരിഹരിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണിത്.
പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂൾ, വാഴൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊൻകുന്നം ഗവൺമെന്റ് സ്കൂളിന് പുതിയ ചുറ്റുമതിലും ഓഡിറ്റോറിയവും നിർമിക്കാനും വാഴൂർ ഗവൺമെന്റ് സ്കൂളിൽ പുതിയ ഹാളും നാല് ക്ലാസ് മുറി നിർമിക്കാനും കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിൽ പഠനസഹായികൾ നൽകാനും തീരുമാനമായതായി ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലുള്ള സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊൻകുന്നം ഡിവിഷനിലെ സ്കൂളുകൾ സന്ദർശിച്ച് പരിശോധന നടത്തിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പൊൻകുന്നം ഡിവിഷൻ അംഗം അഭിലാഷ് ചന്ദ്രൻ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, പഞ്ചായത്തംഗം ഗൗതം ബാലചന്ദ്രൻ, പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.