പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: സ്പിന്നിംഗ് മില്ലിനു സമീപം ദേശീയപാതയിലെ എന്‍ട്രി പോയിന്റില്‍ സര്‍വീസ് റോഡും പ്രധാന പാതയും വേര്‍തിരിച്ചു പുതുതായി സ്ഥാപിച്ച ഡിവൈഡര്‍ അപകടക്കെണിയാകുന്നു. സ്പിന്നിംഗ് മില്ലിലേക്കു ലോറികള്‍ ഉള്‍പ്പെടെ പ്രവേശിക്കുന്നതിന് ഇതു തടസമായി. ഇന്നലെ രാവിലെ പത്തോടെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും പിന്നാലെവന്ന കാറും ഡിവൈഡറില്‍ ഇടിച്ചു കയറി. ആര്‍ക്കും പരുക്കില്ല.
ആറുവരിപ്പാതയും സര്‍വീസ് റോഡും വേര്‍തിരിച്ച് ഒരാഴ്ച മുന്‍പാണ് ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ചത്. ശീമാട്ടി മേല്‍പാത അവസാനിച്ച ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സര്‍വീസ് റോഡില്‍ നിന്നു പ്രധാന പാതയിലേക്കു പ്രവേശിക്കുന്നതു സ്പിന്നിംഗ് മില്ലിനു മുന്നില്‍ നിന്നാണ്. ഒരാഴ്ച മുന്‍പാണു കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചു പ്രവേശന മാര്‍ഗത്തില്‍ ബാരിക്കേഡ് നിര്‍മിച്ചത്. ഇതോടെ സര്‍വീസ് റോഡ് വളരെ ഇടുങ്ങിയതായി.
ഒരു ബസിനു കടന്നു പോകാന്‍പോലും ബുദ്ധിമുട്ടാണ്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു സര്‍വീസ് റോഡ് പെട്ടെന്നു വീതി കുറഞ്ഞു ഇടുങ്ങിയതായി മാറിയതു തിരിച്ചറിയാന്‍ കഴിയില്ല. കോണ്‍ക്രീറ്റ് ഡിവൈഡറില്‍ വാഹനങ്ങള്‍ ഇടിച്ചുകയറുകയാണ്. ഡിവൈഡര്‍ സ്ഥാപിച്ച ശേഷം ഒട്ടേറെ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. മറ്റു ഭാഗങ്ങളിലെ എന്‍ട്രി, എക്സിറ്റ് പോയിന്റുകളില്‍ കോണ്‍ക്രീറ്റ് ഡിവൈഡറിനു പകരം സര്‍വീസ് റോഡിനു വീതി കുറയാത്ത തരത്തില്‍ അപകടരഹിതമായ പ്ലാസ്റ്റിക് കോണുകളാണു സ്ഥാപിച്ചിട്ടുള്ളത്.
എന്നാല്‍ സ്പിന്നിംഗ് മില്‍, പെട്രോള്‍ പമ്പ് എന്നിവ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്‍എച്ച് അഥോറിറ്റി നിര്‍മാണം നടത്തുന്നത്. സഹകരണ സ്പിന്നിംഗ് മില്ലിലേക്ക് അസംസ്കൃത വസ്തുക്കളും ഉല്പന്നങ്ങളുമായി വലിയ ചരക്കുലോറികള്‍ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും തടസമാണ്. അഗ്നിബാധ ഉണ്ടായാല്‍ അഗ്നിരക്ഷാസേന യൂണിറ്റുകള്‍ പ്രവേശിക്കുന്നതിനും ബുദ്ധിമുട്ടാണ്. ഇതു വലിയ വിപത്തുകള്‍ സൃഷ്ടിക്കും.
എന്‍ട്രി പോയിന്റിനു മുന്നില്‍ സ്പിന്നിംഗ് മില്ലിന്റെ അധീനതയില്‍ പുതിയ പെട്രോള്‍ പമ്പ് ആരംഭിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. പമ്പിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും തടസമാണ്. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നതു പെട്രോള്‍ പമ്പിന് ഉള്‍പ്പെടെ സുരക്ഷാ ഭീഷണി സൃഷ്ടിക്കും. ഇടുങ്ങിയ സര്‍വീസ് റോഡിന്റെ വശത്താണു ബസ് കാത്തിരിപ്പു കേന്ദ്രം. ബസ് നിര്‍ത്തിയാല്‍ മറ്റൊരു വാഹനത്തിനു കടന്നു പോകാനും കഴിയില്ല. സത്വര പരിഹാരം ആവശ്യപ്പെട്ടു കാരംകോട് സഹകരണ സ്പിന്നിംഗ് മില്‍ മാനേജിംഗ് ഡയറക്ടര്‍ ദേശീയപാത അഥോറിറ്റി, കളക്ടര്‍ എന്നിവര്‍ക്കു പരാതി നല്കി.