ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: റേഷൻ വാതിൽപ്പടി വിതരണം കുറ്റമറ്റതാക്കണമെന്നു എകെആർആർഡിഎ ജില്ലാ നേതൃയോഗം. എൻഎഫ്എസ്എ ഗോഡൗണുകളിൽനിന്നും റേഷൻസാധനങ്ങളിൽ വ്യാപകമായുണ്ടാവാറുള്ള തൂക്കക്കുറവ് പരിഹരിക്കണം. കോടതി വിധിയുണ്ടായിട്ടും നടപ്പിലാവാത്തത് ഗോഡൗൺ ഉദ്യോഗസ്ഥരും എൻഎഫ്എസ്എ കരാറുകാരും തമ്മിലുള്ള അവിശുദ്ധ ഇടപാട് മൂലമാണ്. വ്യാപാരികൾക്കുണ്ടാവുന്ന നഷ്ടം ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഗൗരവത്തോടുകൂടി കാണേണ്ടതാണെന്നും നേതൃയോഗം ആവശ്യപ്പെട്ടു. കെ.എം. അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ച യോഗം എകെആർആർഡിഎ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൾ സത്താർ, വി.പി. രഘുനാഥ്, കെ.എം. പോൾ, പി.എ. സേതുരാജ്, എച്ച്. റാഫി. ഹംസ മണ്ണാർക്കാട്, സതീഷ് ആലത്തൂർ, സന്തോഷ് ആലത്തൂർ എന്നിവർ പ്രസംഗിച്ചു.
റേഷൻ വിതരണരംഗം പ്രതിസന്ധിയിൽ: ജോണി നെല്ലൂർ
പാലക്കാട്: സംസ്ഥാനത്തെ റേഷൻ വിതരണരംഗം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ആരോപിച്ചു. നിലവിൽ റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന കമ്മീഷൻ തുകയും വേതന വ്യവസ്ഥയും അപര്യാപ്തമാണെന്നും റേഷൻകടക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ടാക്കുന്നതിനായി കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഫെയർ പ്രൈസ് ഷോപ്പ് വ്യാപാരികൾക്ക് മാന്യമായ വേതന പാക്കേജ് നടപ്പാക്കുക, കുടിശികയായ കമ്മീഷൻ തുകകൾ ഉടൻ വിതരണം ചെയ്യുക, റേഷൻ കടകളുടെ പ്രവർത്തനച്ചെലവിന് ആനുപാതികമായി കമ്മീഷൻ വർധിപ്പിക്കുക, കേന്ദ്ര സർക്കാർ നൽകേണ്ട കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ അനുവദിക്കുക, റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയും സാമൂഹ്യസുരക്ഷാ പദ്ധതികളും ശക്തിപ്പെടുത്തുക, പിഒഎസ് മെഷീൻ, ഇ-പോസ് സംവിധാനം എന്നിവയിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ടുവെയ്ക്കുന്നത്.
സംഘടന രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന സംസ്ഥാന നേതൃത്വ ക്യാന്പ് ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ വടക്കഞ്ചേരി ഡയാന ടവറിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ക്യാന്പിൽ അസോസിയേഷൻ നടപ്പാക്കുന്ന കാരുണ്യസ്പർശം മരണാനന്തര സഹായ വിതരണവും നടത്തും. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. വ്യാപാരി സമൂഹത്തിനും സംസ്ഥാനത്തെ സാധാരണക്കാരായ ഭൂരിപക്ഷത്തിനും ഭീഷണിയാകുന്ന പരിഷ്കാരനടപടികൾ ഫലപ്രദമായി തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൽ സത്താർ, ജില്ലാ ഭാരവാഹികളായ എ. കൃഷ്ണൻ, എച്ച്. ഷാഫി, ടി. മൊയ്തുട്ടി എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham ration AKRRDA