പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: പേരൂര്‍ക്കട വാട്ടര്‍ അഥോറിറ്റി സെക്ഷന്‍ പരിധിയില്‍ വരുന്ന ശ്രീചിത്രാ നഗര്‍-മരുപ്പന്‍കോട് റോഡിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി.
വീതി കുറഞ്ഞ റോഡിലൂടെ കടന്നുപോകുന്ന പിവിസി ലൈനിലായിരുന്നു ചോര്‍ച്ച. ഒക്ടോബര്‍ പകുതിയോടെയാണ് റോഡില്‍ പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയത്. വിവരം പ്രദേശവാസികളും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും സെക്ഷനില്‍ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. ഏകദേശം രണ്ടാഴ്ചയോളമാണ് കുടിവെള്ളം പാഴായത്.
വ്യാസം കുറഞ്ഞ പൈപ്പായതിനാല്‍ പൈപ്പ് ചോര്‍ച്ച സമീപത്തെ വീടുകളിലെ ജലലഭ്യതയെ കാര്യമായി ബാധിച്ചിരുന്നു. ഒന്നരകിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ ഇരുഭാഗത്തുമായി താമസിക്കുന്ന 200 ഓളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം കിട്ടാതായത്. നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് വാട്ടര്‍അഥോറിറ്റി കരാര്‍ ജീവനക്കാരെത്തി തകരാർ കണ്ടെത്തിയത്.
പൈപ്പിന്റെ ജോയിന്റിലായിരുന്നു ചോര്‍ച്ചയെന്നും പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയെന്നും വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. വയലിക്കടയില്‍ നിന്നു ചൂഴമ്പാലയിലേക്കു പോകുന്ന പ്രധാന ലൈനില്‍നിന്നുള്ള സബ് ലൈനാണ് ശ്രീചിത്രാ നഗറിലേക്കു കടന്നുപോകുന്നത്. ചോര്‍ച്ച പരിഹരിച്ചുവെങ്കിലും കുഴി മൂടാത്തതു വീതികുറഞ്ഞ റോഡിലൂടെയുള്ള രാത്രികാല യാത്ര ദുസ്സഹമാക്കിയിരിക്കുകയാണ്.
Tags :