മൂവാറ്റുപുഴ സേഫിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച എജ്യൂകെയര്‍ പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്
മൂവാറ്റുപുഴ: സമൂഹത്തില്‍ നന്മയെ മുറികെപ്പിടിക്കുന്നതും പ്രസരിപ്പിക്കുന്നതുമായ തലമുറകള്‍ രൂപപ്പെടേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. തിരുഹ്യദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിന്സിന്റെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ മൂവാറ്റുപുഴ സേഫിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച എജ്യൂകെയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. ജീവിതവിജയത്തിനായി കഠിനാധ്വാനം ചെയ്യുന്ന കുട്ടികള്‍ സമൂഹത്തിന് മാത്യകയും കുടുംബത്തിന് അഭിമാനവുമായി മാറും. ലക്ഷ്യപ്രാപ്തിക്കായി തീവ്രമായ ആഗ്രഹവും നിരന്തരമായ പരിശ്രമവും ദൈവാനുഗ്രഹവും ആവശ്യമാണ്.
എജ്യൂകെയര്‍ പദ്ധതിയിലൂടെ പെണ്‍കുട്ടികളുടെ സമഗ്രമായ വികാസവും ഉന്നതവിദ്യാഭ്യാസവും സാധ്യമാക്കി കുടുംബങ്ങളെ സാമൂഹിക സാമ്പത്തിക സുസ്ഥിതിയിലേക്കും ഉന്നമനത്തിലേക്കും നയിക്കാന്‍ നന്മ ചെയ്യുന്ന സ്ഥാപനമായ സേഫിലൂടെ അവസരമൊരുങ്ങുമെന്നും ബിഷപ് പറഞ്ഞു. എസ്എച്ച് ജ്യോതി പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറും സേഫിന്റെ പ്രസിഡന്റുമായ സിസ്റ്റര്‍ ലിസി മാത്യു തെക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണവും മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ. മാനുവല്‍ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. എജ്യൂകെയര്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള സേവിംഗ്സ് സ്കീം പാസ്ബുക്കുകളുടെ വിതരണോദ്ഘാടനം ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു.
എസ്എച്ച് കോണ്‍ഗ്രിഗേഷന്റെ സോഷ്യല്‍വര്‍ക്ക് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. സലോമി ജോസഫ് ആമുഖപ്രഭാഷണം നടത്തി. സോഷ്യല്‍വര്‍ക്ക് കൗണ്‍സിലറും സേഫ് സെക്രട്ടറിയുമായ സിസ്റ്റര്‍ സുജ മലേക്കുടി, നഗരസഭാംഗം സജീവ് മത്തായി ചാത്തംകണ്ടം, സേഫ് ഡയറക്ടര്‍ സിസ്റ്റര്‍ ലിന്‍സ് മരിയ പിണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് സിസ്റ്റര്‍ ലില്ലി തെക്കേക്കുറ്റ്, സിസ്റ്റര്‍ ലിന്‍മേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധീകവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷയ്ക്കും ജീവിതാന്തസിനും ആഴമേറിയ ആത്മീയ ജീവിതത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് കുടുംബങ്ങളെ സ്വയംപര്യാപ്തതയിലേക്കും ശാക്തീകരണത്തിലേക്കും നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സേഫ് അഞ്ചുവർഷത്തെ എജ്യൂകെയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തിരുഹൃദയ സമൂഹത്തിന്റെ കോതമംഗലം ജ്യോതി പ്രോവിന്സിനു കീഴിലുള്ള 30 കോണ്‍വെന്റുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിന്നാണ് അഞ്ചു മുതല്‍ എട്ടുവരെ പഠിക്കുന്ന 105 പെണ്‍കുട്ടികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
Tags : Society needs generations that radiate goodness: Mar Mathikkandathil Nattuvishesham DistrictNews