തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എംഎൽഎ എന്നിവരടങ്ങുന്ന സംഘം സന്ദർശനം നടത്തുന
തൃശൂർ: പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനു ടെൻഡർ ക്ഷണിക്കലടക്കമുള്ള സാങ്കേതിക നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും വൈകാതെ ശിലാസ്ഥാപനം നടത്തി കെട്ടിടനിർമാണം തുടങ്ങുമെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന അവലോകന യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്രാരംഭഘട്ട നിർമാണത്തിനായി ഏഴുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതൽ തുക പിന്നീട് അനുവദിക്കും. 3.21 ഏക്കറിൽ 2710 ചതുരശ്ര മീറ്ററിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം പിഡബ്ലിയുഡി ആർക്കിടെക്ചറൽ വിഭാഗമാണു രൂപകല്പന ഒരുക്കിയത്.
സീറ്റീൽ ആൻഡ് കനോപി സംവിധാനത്തിൽ കുടപോലുള്ള മേൽക്കൂരയോടെ 2000 ചതുരശ്ര മീറ്റർ വീസ്തീർണമുള്ള രണ്ടുനില കെട്ടിടമാണു നിർമിക്കുക. ശുചിമുറികൾ, ഡോർമിറ്ററി എന്നിവയും ജീവനക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യവുമുണ്ടാകും. സ്റ്റാൻഡ് നിർമാണത്തിനായി ഭരണാനുമതി ലഭിച്ച 7.5 കോടി രൂപ ഒരു മാസത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പിലേക്കു കൈമാറാൻ കെഎസ്ആർടിസി അധികൃതർക്കു മന്ത്രി നിർദേശം നല്കി. പുതിയ സ്റ്റാൻഡ് കെട്ടിടത്തിൽ രണ്ടു ലിഫ്റ്റുകളും ആധുനിക രീതിയിലുള്ള സ്ത്രീസൗഹൃദ ടോയ്ലറ്റുകളും ഉണ്ടായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വയോധികർക്ക് ബുദ്ധിമുട്ടില്ലാതെ കയറാവുന്നതരത്തിൽ പടികളുടെ ഉയരം ക്രമീകരിച്ച് വീതിയേറിയ സ്റ്റെയർകെയ്സുകൾ നിർമിക്കണമെന്നും വെയിറ്റിംഗ് റൂമുകൾ എയർകണ്ടീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സ്റ്റാൻഡിലെ നിലവിലെ താത്കാലിക ഷെഡും ടോയ്ലറ്റ് സൗകര്യങ്ങളും മന്ത്രിയും ഒപ്പമുണ്ടായിരുന്ന എംഎൽഎയും മേയറും ഉദ്യോഗസ്ഥരും ചേർന്നു പരിശോധിക്കുകയും യാത്രക്കാരുമായി സംസാരിക്കുകയും ചെയ്തു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ (ബിൽഡിംഗ്സ്) ടി.കെ. സന്തോഷ് കുമാർ, ഡെപ്യൂട്ടി ആർക്കിടെക്ട് എ.കെ. നിത്യ, സ്പെഷ്യൽ ബിൽഡിംഗ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബബിത, എഇ ജെസ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.