വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്ന വയോധികൻ.
കൂത്താട്ടുകുളം: നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം റോഡിൽ സീബ്രാ ലൈനുകൾ വരയ്ക്കാത്തത് കൂത്താട്ടുകുളം നഗരത്തിലെ കാൽനടയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ തിരക്കേറിയ നഗരപാതകളിൽ ജീവൻ പണയം വച്ച് റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയിലാണ് കാൽനട യാത്രക്കാർ.
പിഡബ്ല്യുഡി റോഡ് മെയിന്റനൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ നഗരത്തിൽ റോഡിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം സുരക്ഷാ ലൈനുകൾ പുനഃക്രമീകരിക്കുന്ന പ്രവൃത്തികളും നടത്തിയിരുന്നു. എന്നാൽ ഇതിനൊപ്പം നിർബന്ധമായും വരയ്ക്കേണ്ട സീബ്രാ ലൈനുകൾ അധികൃതർ ഒഴിവാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും സ്കൂളുകൾക്ക് മുൻവശത്തും പോലും സീബ്രാ ലൈനുകളില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ടൗണിലെ പ്രധാന ജംഗ്ഷനായ സെൻട്രൽ ജംഗ്ഷനിൽ നൂറുകണക്കിന് ആളുകളാണ് തിരക്കേറിയ റോഡിൽ റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുന്നത്. കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ ഭാഗത്തെ കാഴ്ചയും വിഭിന്നമല്ല.
പിഡബ്ല്യുഡി റോഡ് മെയിന്റനൻസ് വിഭാഗം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച അടിയന്തരമായി പരിഹരിക്കണമെന്നും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും സ്കൂൾ പരിസരങ്ങളിലും ഉടൻ സീബ്രാ ലൈനുകൾ വരച്ച് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് വ്യാപാരികളുടെയും സ്കൂൾ അധികൃതരുടെയും പൊതുജനങ്ങളുടെയും ആവശ്യം.