ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ കിസാന്‍സഭ വില്ലേജുകളില്‍നിന്നു ശേഖരിച്ച ഒപ്പുകള്‍ ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ സംസ്ഥാന സെക്രട്ടറി എ. പി. ജയന് കൈമാറുന്നു
പത്തനംതിട്ട: ജില്ലയില്‍ ഏഴ് വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പരാതി പ്രവാഹം. കൊല്ലമുള, പെരുനാട്, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട് വില്ലേജുകളിലെ 1550.14 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 1325.96 ചതുരശ്ര കിലോമീറ്റാണ് പരിസ്ഥിതി ലോല മേഖലയായി മാറ്റിയിരിക്കുന്നത്. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇതിലുള്‍പ്പെടും.
കൊല്ലമുള വില്ലേജില്‍ 62.57 ചതുരശ്ര കിലോമീറ്ററില്‍ 40.04, പെരുനാട്ടില്‍ 194.06 ചതുരശ്ര കിലോമീറ്ററില്‍ 144, വടശേരിക്കരയില്‍ 63.99 ചതുരശ്ര കിലോമീറ്ററില്‍ 30.93, തണ്ണിത്തോട്ടില്‍ 137.36 ചതുരശ്ര കിലോമീറ്ററില്‍ 90.85, അരുവാപ്പുലത്ത് 455.34 ചതുരശ്ര കിലോമീറ്ററില്‍ 428.2, ചിറ്റാര്‍ സീതത്തോട് വില്ലേജുകളിലായി 635.22 ചതുരശ്ര കിലോമീറ്ററില്‍ 591.88 എന്നിങ്ങനെയാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റാന്നി, കോന്നി വനം ഡിവിഷനുകളില്പെട്ട പ്രദേശങ്ങളെന്ന നിലയിലാണ് ഇഎസ്എ കരട് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ഏഴാമത്തെ കരട് വിജ്ഞാപനമാണ് പുറത്തുവന്നത്. ഇതിന്മേലുള്ള പരാതികള്‍ 25 വരെ നല്‍കാനാകും. വിവിധ സംഘടനകള്‍, രാഷ്ട്രീകക്ഷികള്‍ തുടങ്ങിയവര്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വ്യക്തികളില്‍ നിന്നും പരാതികള്‍ ശേഖരിച്ചും ഒപ്പുശേഖരണം നടത്തിയുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് ഇവ സമര്‍പ്പിച്ചിരിക്കുന്നത്.
കിസാന്‍സഭ ശേഖരിച്ച ഒപ്പുകള്‍ കളക്ടര്‍ക്ക് കൈമാറി
പത്തനംതിട്ട: ഇഎസ്എക്കെതിരേ കിസാന്‍സഭ വില്ലേജുകളില്‍നിന്നു ശേഖരിച്ച ഒപ്പുകള്‍ ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ കൈമാറി. ജനവസമേഖലകളായ ഏഴ് വില്ലേജുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കേന്ദ്ര പരിസ്ഥിതിമാന്ത്രാലയം പ്രഖ്യാപിച്ച കരട് നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തില്‍ ശേഖരിച്ച ഒപ്പുകളടങ്ങിയ നിവേദനം കഴിഞ്ഞദിവസം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചിരുന്നു.
അയച്ച ഒപ്പുകളുടെയും നിവേദനത്തിന്റെയും കോപ്പിയാണ് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ. പി. ജയന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി. മുരുകേഷ്, ജില്ലാ പ്രസിഡന്റ് ആര്. രാജേന്ദ്രന്‍പിളള, സംസ്ഥാന കമ്മിറ്റിയംഗം ബാബു പാലയ്ക്കല്‍, സഹകരണ വേദി ജില്ലാ സെക്രട്ടറി ആര്. ജയന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
തണ്ണിത്തോട്ടില്‍ പ്രതിഷേധറാലി ഇന്ന്
പത്തനംതിട്ട: തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനത്തില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍വകക്ഷിസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വില്ലേജ് പൂര്‍ണമായി ഇഎസ്എയുടെ പരിധിയില്‍ വരുന്നതോടെ മലയോര മേഖലയില ജനജീവിതത്തെയും കൃഷിയെയും ഉപജീവന മാര്‍ഗങ്ങളെയും ബാധിക്കും. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് വനവും ജനവാസമേഖലയും കൃഷിഭൂമിയും ജണ്ടകെട്ടി വേര്‍തിരിച്ച് ഭൂമി ഒഴിവാക്കി ഇഎസ്എ പരിധി നിശ്ചയിക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. വിഷയത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹിക, മതസംഘടനകളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സര്‍വകക്ഷി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തണ്ണിത്തോട് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തും.
ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, പത്തനംതിട്ട എസ്എന്‍ഡിപി യണിന് പ്രസിഡന്റ് കെ. പത്മകുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, വിവിധ രാഷ്ട്രീയകക്ഷികളുടെ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫാ.ഒ.എം. ശാമുവേല്‍, അനീഷ് തോമസ്, ജോയി ചിറ്റരുവിക്കല്‍, ഷാജി പതാലില്‍, ഷിജു, കെ.എന്‍. സോമരാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധദിനം ആചരിച്ചു
റാന്നി: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനം റദ്ദ് ചെയ്ത് വനഭൂമിയില്‍ മാത്രം പരിസ്ഥിതി ലോല പ്രദേശം പരിമിതപ്പെടുത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് റാന്നി യൂണിറ്റ്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസഎയില് ഉള്‍പ്പെടുത്തിയതില്‍ റാന്നി ഉണ്ണിമിശിഹാ ഫൊറോന പള്ളി യുണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
വികാരി ഫാ. തോമസ് മുണ്ടിയാനിക്കല്‍, പിആര്‍ഒ രാജു ആന്റണി കൂവനാല്, എകെസിസി രൂപത വൈസ് പ്രസിഡന്റ് ജിന്‍സ് പി. ജയിംസ് പള്ളിയ്ക്കാമലയില്, റാന്നി യൂണിറ്റ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാത്യു ചേന്നാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews ESA