പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരി നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തുന്നതിൽ പോലീസിനു ഗുരുതര വീഴ്ചയെന്ന്. കുറ്റാരോപിതരായവരെ കണ്ടെത്തുന്നതിലേക്ക് ആവേശം കാട്ടിയ പോലീസ് സംഘം കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ട യുവാവിനെ ക്രൂരമായി മർദിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പോലീസ് മേധാവിക്കു നൽകിയിരിക്കുന്നത്.
വിശദമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറും. കേസിൽ അനാവശ്യമായ തിടുക്കവും ആവേശവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായെന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസ് അന്വേഷിക്കുന്നതിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഉണ്ടായില്ലെന്നുമാണ് കണ്ടെത്തൽ. ഇതിനിടെ പെൺകുട്ടി വ്യാജ പരാതി നൽകിയ വിഷയത്തിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോന്നി ഡിവൈഎസ്പി എം. എം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പെൺകുട്ടിയുടെ മൊഴിയേ തുടർന്ന് ആറുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മജിസ്ട്രറ്റിനു മുന്നിൽ പെൺകുട്ടി പറഞ്ഞ മൊഴിയേ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയ്ക്കുകയായിരുന്നു. പെൺകുട്ടി പരാതിപ്പെടാൻ ഉണ്ടായ സാഹചര്യം, പോലീസിനോട് പരാതിപ്പെടാനുണ്ടായ കാരണങ്ങൾ, സഹപാഠികളുമായി പെൺകുട്ടിക്ക് സൗഹൃദം എന്തെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത ഇരുപതുകാരനെ കസ്റ്റഡിയിൽ മർദിച്ച സംഭവവും പോലീസിനു തലവേദനയായി മാറിയിരിക്കുകയാണ്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനാണ് മർദനമേറ്റത്. കൂടൽ പോലീസ് ക്വാർട്ടേഴ്സിലെത്തിച്ച് അതിക്രൂരമായി മർദിച്ചെന്ന ആരോപണമാണ് യുവാവ് ഉയർത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്.
പെൺകുട്ടിയുടെ പരാതി വ്യാജമെന്നു വ്യക്തമായതോടെയാണ് യുവാവിനെയും പോലീസ് വിട്ടയച്ചത്. പെൺകുട്ടിയെ കണ്ടു പരിചയം മാത്രമേയുള്ളൂവെന്ന് യുവാവ് വ്യക്തമാക്കിയിരുന്നതാണ്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പോലും യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല.
തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കിയിട്ടും പോലീസ് അതിക്രൂരമായി മർദിച്ചെന്നാണ് ആരോപണം. പോലീസ് കസ്റ്റഡിയിൽ നിന്നു പുറത്തുവന്ന യുവാവ് നേരെ പോയത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ്. അവശനിലയിലായ യുവാവ് ചികിത്സ തേടി വീട്ടിലേക്കു മടങ്ങിയെങ്കിലും വീണ്ടും ശ്വാസതടവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ തിങ്കളാഴ്ച രാത്രി വീണ്ടും ആശുപത്രിയിലായി.
കുറ്റക്കാർക്കെതിരേ നടപടി വേണം: ഡിസിസി
വ്യാജ പീഡനപരാതിയില്‍ അന്വേഷണം നടത്താതെ യുവാവിനെ അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി വെണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്കും ജനപ്രതിനിധികളടക്കമുള്ള കോണ്‍ഗ്രസുകാര്‍ക്കും ഒരിക്കലും നീതിലഭിച്ചിട്ടില്ലാത്ത ജില്ലയിലെ ഒരു സ്റ്റേഷനാണ് കൂടലെന്ന് ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ മാത്രമാണ് കൂടലിലുള്ളത്. സ്റ്റേഷനില്‍ ശുദ്ധീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കുറ്റക്കാരെ സംരക്ഷിക്കുവാനുള്ള ഒരു നാടകം മാത്രമാണ്. ഇരയായ കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കും വരെ നടപടികളുമായി മുന്‍പോട്ടു പോകമെന്നും പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പോലീസിനെതിരേ നടപടിയെടുക്കണം: സാംബവ മഹാസഭ
പെൺകുട്ടിയുടെ പരാതിയിൽ ഇരുപതുകാരനെ ശാരീരിക, മാനസിക പീഡനത്തിനു വിധേയനാക്കിയ കൂടൽ പോലീസിലെ ദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് സാംബവ മഹാസഭ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മർദനമേറ്റ യുവാവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതിൽ നടപടിക്രമങ്ങൾ പാലിച്ചിരുന്നതായുള്ള പോലീസ് നിഗമനം അവിശ്വസനീയമാണ്.
പീഡന പരാതിയിൽ സംശയമുണ്ടായിട്ടും യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമർദനത്തിനിരയാക്കിയ മനുഷ്യത്വരഹിതമായ നടപടിക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സോമൻ പാന്പായിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
Tags : nattu vishesham False harassment complaint in the house