വൈക്കം-തവണക്കടവ് ഫെറിയിലെ വൈക്കം ബോട്ട് ജെട്ടി.
വൈക്കം: വൈക്കം-തവണക്കടവ് ഫെറിയിൽ ബോട്ടുകൾ അടിക്കടി തകരാറിലാകുന്നത് സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. നാലു ബോട്ടുകൾ സർവീസ് നടക്കുന്ന ഫെറിയിൽ കഴിഞ്ഞ ദിവസം രണ്ടു ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തിയത്. ദിനംപ്രതി അയ്യായിരത്തിലധികംപേർ കായൽ കടക്കുന്ന ഫെറിയിൽ ബോട്ടുകളുടെ എണ്ണം കുറഞ്ഞാൽ യാത്രക്കാർ വലയും.
കായലിൽ വലിയതോതിൽ പോളപ്പായൽ നിറഞ്ഞതോടെ ബോട്ടുകൾക്ക് യന്ത്രത്തകരാർ പതിവാകുകയാണ്. പുതിയ സോളാർ ബോട്ടുകൾക്ക് പോളപ്പായലിനെ മറികടന്നുപോകാനുള്ള പവറില്ലെന്നും ഇതുമൂലം സർവീസ് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നുണ്ടെന്നും യാത്രക്കാർ ആരോപിക്കുന്നു.
യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഇന്നലെ മൂന്ന് ബോട്ടുകൾ സർവീസ് നടത്തി.ഒരുബോട്ടിൽ 75-80 യാത്രക്കാരാണ് പരമാവധി പോകുന്നത്. നാലുബോട്ടുകൾ സർവീസ് നടത്തുമ്പോഴും രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ വലിയ തിരക്കുണ്ട്. ബോട്ടിൽ കയറാതെ റോഡ് മാർഗം പോയാൽ ചേർത്തല ഭാഗത്ത് പോകേണ്ടവർക്ക് തണ്ണീർമുക്കം ബണ്ട് കടന്നു പോകാൻ 22 കിലോമീറ്റർ യാത്ര ചെയ്യണം.
യന്ത്രത്തകരാർ പരിഹരിക്കാൻ ഫെറിയിൽ മെക്കാനിക്കില്ല
ബോട്ടു കേടായാൽ തകരാർ പരിഹരിക്കാൻ മാറേണ്ട യന്ത്രഭാഗം വാങ്ങണമെങ്കിലും ആലപ്പുഴയിലെ ഡോക്കിൽ പോകണം. ഫെറിയിൽ മെക്കാനിക്കില്ലാത്തതുമൂലം ചെറിയ തകരാറുപോലും ഇവിടെ പരിഹരിക്കാനാകുന്നില്ല.
പ്രതികരണം
വൈക്കം ഫെറിയിൽ ഡോക്കും മെക്കാനിക്കും അനിവാര്യം
ജലഗതാഗത വകുപ്പിന്റെ ഏറ്റവും വരുമാനം ലഭിക്കുന്ന ഫെറിയാണ് വൈക്കം. മറ്റു പല സ്ഥലങ്ങളിലെ ഫെറിയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടും മറുകര കടക്കാൻ വൈക്കം ഫെറിയെ ആശ്രയിക്കുന്നവർ വളരെ ഏറെയാണ്. ബോട്ടുകളുടെ തകരാർ പരിഹരിക്കാൻ വൈക്കം ഫെറിയിൽ ഡോക്ക് സംവിധാനം ഒരുക്കി മെക്കാനിക്കിനെ നിയമിച്ചാൽ ഫെറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും. ഇപ്പോൾ ചെറിയ തകരാർ പരിഹരിക്കാനും ആലപ്പുഴയിലെ ഡോക്കിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വൈക്കം ഫെറിയിൽ ഡോക്ക് സംവിധാനം ഏർപ്പെടുത്തി ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
പി. പ്രദീപ്, വൈക്കം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം