ദീപിക തീവ്രപ്രാചരണ മാസാചരണത്തിന്റെ പാലാ രൂപതാതല ഉദ്ഘാടനം
പ്രവിത്താനം: ദീപിക തീവ്ര പ്രചാരണ മാസാചരണത്തിന്റെ പാലാ രൂപതാതല ഉദ്ഘാടനം ഇന്നലെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ഡോ. ജോസഫ് തടത്തില്‍, ദീപിക ജനറല്‍ മാനേജർ സര്‍ക്കുലേഷന്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, എകെസിസി ഡയറക്ടര്‍ ഫാ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രവിത്താനം അസി. വികാരിമാരായ ഫാ. ആന്റണി കൊല്ലിയില്‍, ഫാ. സെബാസ്റ്റ്യന്‍ കടുപ്പില്‍, ലീഗല്‍ അഡ്വൈസര്‍ ഫാ. ആല്ബിന് ഏറ്റുമാനൂക്കാരന്‍, ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേ കൊല്ലിത്താനം, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാമിലി അപ്പൊസ്തലേറ്റ് അസി. ഡയറക്ടര്‍ ഫാ. മാത്യു കാടന്‍കാവില്‍, ഫാ. സിറിയക് ചന്ദ്രന്‍കുന്നേല്‍, ദീപിക സര്‍ക്കുലേഷന്‍ സീനിയര്‍ മാനേജര്‍ ജോണ്സണ് വള്ളോംപുരയിടം, ഡിഎഫ്സി രൂപത പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, സെക്രട്ടറി വി.ടി. ജോസഫ്, ഫൊറോനാ പ്രസിഡന്റ് സാബു സിറിയക് കദളിയില്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. സണ്ണി സഖറിയാസ്, വനിതാ വിഭാഗം പ്രസിഡന്റ് ജാന്‍സി ജോസഫ്, സെക്രട്ടറി ആലീസ് തോമസ്, ഫൊറോനാ ഭാരവാഹികളയ ജോയി മൈക്കിള്‍ ചന്ദ്രന്‍കുന്നേല്‍, ഷിബു ഐപ്പന്‍പറമ്പില്‍കുന്നേല്‍, ജിസ്മോന് തുടിയംപ്ലാക്കല്‍, ടോമി വാളിപ്ലാക്കല്‍, ഡെയ്സി കണ്ടത്തിങ്കര, ടെസി അലക്സ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദീപിക വരിക്കാര്‍ക്കായി നടപ്പിലാക്കിവരുന്ന ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും ഫൊറോനാ, ഇടവക തലങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
നസ്രാണികളെ നഷ്ടപ്പെട്ടുപോകാത്ത സമുദായമായി പിടിച്ചുനിര്‍ത്താന്‍ ദീപികയ്ക്ക് നിര്‍ണായക പങ്ക്: മാര്‍ കല്ലറങ്ങാട്ട്
പ്രവിത്താനം: നസ്രാണികളുടെ ഇരുമ്പുചട്ടക്കൂടായി നിലകൊണ്ട് നഷ്ടപ്പെട്ടു പോകാത്ത സമുദായമായി പിടിച്ചുനിര്‍ത്താന്‍ ദീപിക നിര്‍ണായക പങ്കു വഹിക്കുന്നതായി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദീപിക പാലാ രൂപത തീവ്ര പ്രചാരണ മാസാചരണം പ്രവിത്താനം ഫൊറോന പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. പൊതുജനങ്ങളുടെ ജിഹ്വയായി നില്ക്കാന് ദീപിക എന്നും പരിശ്രമിച്ചിട്ടുണ്ട്. സത്യത്തെ പ്രകാശിപ്പിച്ച് മൂല്യാധിഷ്ഠിതവും സത്യസന്ധവും വ്യക്തവുമായ കാഴ്ചപ്പാടോടെയാണ് ദീപിക എഴുതുകയും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.
എല്ലാ മതില്‍ക്കെട്ടുകളും പൊളിച്ചെഴുതാന്‍ അക്ഷരങ്ങള്‍ക്ക് ശക്തിയുണ്ട്. നൂറുകണക്കിന് ഗൗരവകരമായ കാര്യങ്ങളും സങ്കീര്‍ണമായ വിഷയങ്ങളും ദീപികയിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഇതിനെ നാം ലാഘവബുദ്ധിയോടെ കാണരുത്. നസ്രാണി കെട്ടുറപ്പിലേക്കു നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടുവരാന്‍ ദീപിക നല്കുന്ന മൂല്യങ്ങളുടെ ശിലകള്‍ കുട്ടികളില്‍ പാകണം. ദീപികവായന പ്രോത്സാഹിപ്പിക്കാന്‍ പാലാ രൂപതയ്ക്കാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. നമ്മള് ദീപിക കൈവിട്ടാല്‍ സമുദായം വലിയ നഷ്ടത്തിലേക്കാണ് പോകുന്നതെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
Tags : campaign Nttuvishesham Districtnews