രാജകുമാരി: ശാന്തൻപാറ പഞ്ചായത്തിലെ ചേരിയാറിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന റാണിയുടെ (57) മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്കുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലയാളി ഇരുന്പ് ദണ്ഡോ, കല്ലോ ഉപയോഗിച്ച് റാണിയുടെ തലയിൽ അടിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വാരിയെല്ലുകളും ഒടിഞ്ഞ സ്ഥിതിയിലാണ്. ഇത് നിലത്തിട്ട് ചവിട്ടിയത് മൂലമാണെന്നാണ് പൊലീസ് പറയുന്നത്. പീഡന ശ്രമം നടന്നിട്ടില്ലെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വീടിനകത്ത് നടത്തിയ പരിശോധനയിൽ മോഷണശ്രമം നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
റാണിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന അതിഥി തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പശ്ചിമബംഗാൾ സ്വദേശിയായ ഇയാളെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് റാണിയുടെ മൃതദേഹം വീടിന് സമീപത്തെ നടപ്പാതയിൽ സമീപവാസിയായ വീട്ടമ്മ കണ്ടെത്തിയത്. മൃതദേഹത്തിന്റെ വലതുകൈയുടെ ഭാഗത്ത് അസ്ഥി മാത്രമാണുണ്ടായിരുന്നത്. മൃതദേഹത്തിന്റെ മുഖവും വികൃതമാക്കപ്പെട്ടിരുന്നു. വന്യമൃഗങ്ങൾ മൃതദേഹം ഭക്ഷിച്ചതാകാം ഇതിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ ചേരിയാറിലെ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Tags : Head injury Nattuvishesham Districtnews