മാലിന്യം തള്ളിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ടാങ്കർ ലോറി.
നാദാപുരം: സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിലെ ജലാശയത്തിൽ ഹോട്ടൽ മാലിന്യം തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ സിറ്റി നീർച്ചാലിൽ ശാന്തിമൈതാനം മുഹ്സിൻ മഹലിലെ സി.എച്ച്. മുഹമ്മദ് മുഹ്സി (23) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
മാലിന്യം കടത്താൻ ഉപയോഗിച്ച കാസർഗോഡ് രജിസ്ട്രേഷനിലുള്ള വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 5.30 ഓടെ കല്ലാച്ചി ടൗണിലെ കല്ലാച്ചികുനി ഓവുപാലത്തിന് സമീപമാണ് സംഭവം. റോഡരികിലെ ജലാശയത്തിൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യം തള്ളാൻ ഉപയോഗിച്ച ടാങ്കർ ലോറി പോലീസ് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.