കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ കൂദാശാകര്മത്തിനായി ദേവാലയത്തിലേയ്ക്ക് എത്തുന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹകാര്‍മികരും.
കുടയത്തൂർ: ജീവിക്കുന്ന ദേവാലയങ്ങളായി നാം മാറണമെന്നും സ്നേഹത്തില്‍ ഒന്നിക്കുമ്പോഴാണ് ദൈവഭവനം രൂപപ്പെടുന്നതെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ കൂദാശാകര്‍മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു നൂറ്റാണ്ടിന്റെ വിശ്വാസപൈതൃകം ഉള്‍ക്കൊള്ളുന്ന കുടയത്തൂരില്‍ നിര്‍മിച്ച പുതിയ ദേവാലയം അത്യപൂര്‍വമായ ആത്മീയ അനുഭവമാണ് നല്‍കുന്നത്.കര്‍ഷകരുടെ വിയര്പ്പ്തുള്ളികള് വീണിടത്തു നിന്ന് ദൈവത്തിനും ദൈവാലയത്തിനുമായുള്ള ദാഹം ഉയരുകയായിരുന്നു. മനോഹരമായ ദേവാലയംപോലെ ദൈവം വസിക്കുന്ന ആലയമായി ഹൃദയം മാറണമെന്നും അദ്ദേഹം പറഞ്ഞു. മൂറോന്‍ തൈലം കൊണ്ട് ബലിപീഠം അഭിഷേകംചെയ്താണ് കൂദാശാകര്‍മം പൂര്‍ത്തീകരിച്ചത്.വിശുദ്ധകുര്‍ബാനയ്ക്കുശേഷം കല്‍ക്കുരിശ്, കൊടിമരം എന്നിവയുടെ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു.
വാസ്തുശില്പ സൗന്ദര്യം, പൗരാണികത വിളിച്ചോതുന്ന അള്‍ത്താര, മനോഹരമായ ഓയില്‍ പെയിന്റിഗ് സ്റ്റെയിന്‍ഡ് ഗ്ലാസില്‍ ആവിഷ്കരിച്ച വിശുദ്ധരുടെ ഛായാചിത്രം എന്നിവ പുതിയ ദേവാലയത്തിന്റെ പ്രത്യേകതകളാണ്. മലങ്കര ജലാശയത്തിന്റെയും തീരത്തിന്റെയും പച്ചപ്പിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
പാലാ രൂപത വികാരി ജനറാള്‍മാരായ മോൺ. ജോസഫ് തടത്തില്‍, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കൽ, രൂപത ചാന്‍സലര്‍ ഫാ.ജോസഫ് കുറ്റിയാങ്കൽ, മൂലമറ്റം ഫൊറോന വികാരി ഫാ.ജോര്‍ജ് ചൊള്ളനാൽ, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി, മുന്‍ മന്ത്രി റോഷി അഗസ്റ്റിന്, എംഎല്‍എ മാരായ റോയി കെ.പൗലോസ്, മാണി സി.കാപ്പൻ, സെന്റ് മര്‍ത്താസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ധന്യ എസ്എംസി, വൈദികർ, സിസ്റ്റേഴ്സ്, കൈക്കാരന്മാര്, കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ദേവാലയ കൂദാശാകര്‍മത്തില്‍ പങ്കെടുത്തു. ഇടവക വികാരി ഫാ.ജേക്കബ് പൊട്ടക്കുളം ആമുഖപ്രസംഗം നടത്തി.
Tags : Mar Kallarangatt nattu vishesham local news We Must Become Living Temples