പേരാവൂർ നിയോജകമണ്ഡലത്തിലെ പിഡബ്ല്യുഡി പ്രവൃത്തികളുടെ അവലോകന യോഗത്തിൽ നിന്ന്.
ഇരിട്ടി: നിർത്താതെയുള്ള മഴ പേരാവൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളെ പ്രതിസന്ധിയിലാക്കുകയാണെന്ന് മണ്ഡലംതല പിഡബ്ല്യുഡി പ്രവൃത്തികളുടെ അവലോകന യോഗം.
മഴ കാരണം രണ്ടു മാസം മുന്പ് പൂർത്തീകരിക്കേണ്ട പ്രവൃത്തികൾ പോലും നിലച്ചതായും കാലവർഷത്തിനു ശേഷം അടിയന്തിരമായ ചെയ്തു തീർക്കേണ്ടിയിരുന്ന പ്രവൃത്തികൾ പോലും സ്തംഭിച്ചിരിക്കുകയാണെന്നും അവലോകന യോഗം അഭിപ്രായപ്പെട്ടു. അപകടങ്ങൾ പതിവായ അമ്പായത്തോട്-ബോയ്സ് ടൗൺ ചുരം റോഡിലെ വലിയ കുഴികൾ പോലും പ്രതികൂല കാലാവസ്ഥ കാരണം അടക്കാൻ കഴിഞ്ഞിട്ടില്ല.
ബോയ്സ് ടൗൺ റോഡിൽ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിതെളിയിക്കുന്നതിനും വലിയ കുഴികൾ അടയ്ക്കുന്നതിനുമായി 10 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയായിട്ടുണ്ടെന്ന് കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. സനില യോഗത്തെ അറിയിച്ചു. മഴ മാറിനിന്നാൽ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പി. സനില പറഞ്ഞു. 5.5 കിലോമീറ്റർ ചുരം പാത വീതി കൂട്ടി നവീകരിക്കുന്നതിനുള്ള എസ്റ്റിമേററിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
വിളക്കോട്-അയ്യപ്പൻകാവ്, അങ്ങാടിക്കടവ്-വാണിയപ്പാറ, തെറ്റുവഴി -മണത്തണ, ജബ്ബാർക്കടവ്-ആറളം റോഡിന്റെയും പ്രവർത്തികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. 3.25 കോടി രൂപ ചിലവിൽ നവീകരണം നടക്കുന്ന എടത്തൊട്ടി- പെരുമ്പുന്ന റോഡ് പണിയിൽ അപാകതകളുണ്ടെന്ന് ആരോപണം ഉയരുന്നതായി സണ്ണി ജോസഫ് എംഎൽഎയുടെ മണ്ഡലം പ്രതിനിധി മുഹമ്മദ് ജസീർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
മെക്കാഡം ടാറിംഗിന്റെ മുന്നോടിയായുള്ള പണി നടന്ന ചില ഭാഗങ്ങളിൽ കല്ലുകൾ പുറത്തേക്ക് തള്ളി നില്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ഇരിട്ടി സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. രേഷ്മ പറഞ്ഞു. ടാറിംഗ് നടത്തിയ ശേഷം തുടർച്ചയായ ദിവസങ്ങളിൽ മഴയുണ്ടായതാണ് ബലക്ഷത്തിന് കാരണമെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
കുന്നോത്ത്- കേളൻപീടിക-ഉദയഗിരി -മട്ടിണി റോഡിന്റെയും കണിച്ചാർ- കാളികേയം, വളയംചാൽ- അടയ്ക്കാത്തോട് റോഡിന്റെയും നവീകരണത്തിനായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. കീഴ്പ്പളളി സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായതായും രണ്ടാം ഘട്ടനിർമാണത്തിനുളള എസ്റ്റിമേറ്റ് സമർപ്പിച്ചതായും പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
അവലോകന യോഗതത്തിൽ കെട്ടിടനിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.ബി. ലജീഷ്കുമാർ, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ കെ. രേഷ്മ, റോഡ് മെയിന്റനസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എ.കെ. മിഥുൻ, പൊതുമരാമത്ത് പാലം വിഭാഗം ഓവർസിയർ പി.പി. രമ്യ എന്നിവരും പങ്കെടുത്തു.
Tags : public works nattuvisesham local news