കെഎംആർഎൽ കോര്‍പറേറ്റ് ഓഫീസില്‍ മാനേജിംഗ് ഡയറക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ നിന്ന്.
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പാതയുടെ വയഡക്ടുകള്‍ 70 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തിൽ വയഡക്ടുകളില് ട്രാക്ക് നിര്‍മാണത്തിനുള്ള റെയിലുകള്‍ കൂട്ടിയോജിപ്പിക്കല്‍ അടുത്തയാഴ്ച്ച ആരംഭിക്കാമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി. പ്രിയങ്കയുടെ നേതൃത്വത്തില്‍ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. റെയിലുകള്‍ കൂട്ടിയോജിപ്പിക്കുന്നിതിനായുള്ള മെഷിനുകള്‍ കൊച്ചിയിലെത്തിച്ച് ടെസ്റ്റ് വെല്‍ഡിംഗ് കഴിഞ്ഞു. ഇതിന്റെ സാംപിള്‍ പരിശോധനയ്ക്കായി ആരക്കോണം സതേണ്‍ റെയില്‍വേ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാഫലം അനുകൂലമാണെങ്കില്‍ അടുത്തയാഴ്ച്ച റെയില്‍ ജോലികള്‍ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
നിലവില്‍ നിര്‍മാണം നടക്കുന്ന രണ്ടാംഘട്ട പാതയുടെ ഇരുദിശകളിലേക്കും(രണ്ടു ലൈന്‍) 13 കിലോമീറ്റര്‍ ട്രാക്കിനുള്ള വയഡക്ട് പൂര്‍ത്തിയായിട്ടുണ്ട്. ബാലസ്റ്റ് ലെസ് ട്രാക്കിന് ആവശ്യമായ 44 കിലോമീറ്റര്‍(2,700 മെട്രിക് ടണ്‍) റെയിലുകള്‍ നേരത്തെ എത്തിച്ചിരുന്നു. 18 മീറ്റര്‍ നീളത്തിലുള്ള റെയിലുകളാണു കൂട്ടിയോജിപ്പിക്കേണ്ടത്. രണ്ടാംഘട്ട പാതയ്ക്കായി ആകെ 2,444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്.
കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി സ്മാര്‍ട് സിറ്റി വരെ ഇതുവരെ 954 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വയഡക്ടുകള്‍ക്ക് ഒപ്പം സ്റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ചിറ്റേത്തുക്കര സ്റ്റേഷന്റെ ഇരുവശവും, കിന്‍ഫ്ര പാര്‍ക്ക് സ്റ്റേഷന്റെ ഇടതുവശം, വാഴക്കാല സ്റ്റേഷന്റെ വലതുവശം എന്നിവയുടെ സ്ട്രക്ച്ചറല്‍ ജോലികളും കഴിഞ്ഞു. മറ്റു സ്റ്റേഷനുകളിലേത് പുരോഗമിക്കുകയാണ്.
കലൂരിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ. എം.പി. രാം നവാസ് (പ്രോജക്ട്സ്), സഞ്ജയ് കുമാര്‍ (സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പാഠക്(ഫിനാന്‍സ്), വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : track construction to take place next week Nattuvishesham DistrictNews