പനമരം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം.
പനമരം: ബീനാച്ചി-പനമരം റോഡില്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്ന പുഞ്ചവയല്‍ മുതല്‍ പനമരം വരെ ഭാഗത്ത് ഡിസംബര്‍ 31 വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി.
ഗതാഗത നിരോധനം സംബന്ധിച്ച് കെആര്‍എഫ്ബി അധികൃതരുടെ അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. റോഡ് ദീര്‍ഘകാലം അടയ്ക്കുന്നത് യാത്രക്കാരെയും പനമരത്തെ വ്യാപാരികളെയും പ്രതിസന്ധിയിലാക്കുമെന്ന് അഭിപ്രായമുയര്‍ന്നു.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. കെആര്‍എഫ്ബി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. റോഡ് പ്രവൃത്തി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെആര്‍എഫ്ബി പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. എസ്റ്റിമേറ്റില്‍ മാറ്റം വരുത്താതെ പനമരം വലിയപാലം കവല മുതല്‍ നെല്ലിയമ്പം ജംഗ്ഷന് വരെ റോഡ് കോണ്‍ക്രീറ്റ് ചെയ്യും. വിദഗ്ധ തൊഴിലാളികളെ എത്തിച്ച് രാത്രിയും നിര്‍മാണം നടത്തും.
കോണ്‍ക്രീറ്റ് ചെയ്യുന്ന സമയം ഉണ്ടാകുന്ന ബ്ലോക്കുകള്‍ ഒഴിവാക്കുന്നതിന് പനമരം ഭാഗത്തുനിന്നു നടവയല്‍ ഭാഗത്തേക്ക് മാത്രം വണ്‍വേ അനുവദിക്കും. പനമരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പഴയ നടവയല്‍ റോഡിലൂടെ കടത്തിവിടും. കിഫ്ബിയില്‍ ഉള്‍പ്പടുത്തി 2019ല്‍ നിര്‍മാണം ആരംഭിച്ച ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ പനമരം വരെ രണ്ടര കിലോമീറ്റര്‍ നവീകരണമാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തത്. ഇനിയും നിര്‍മാണം ഇഴഞ്ഞുനീങ്ങിയാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി.
Tags : Decision Nattuvishesham Districtnews