മട്ടന്നൂരിൽ വെട്ടേറ്റുമരിച്ച സി. ജ്യോതി, മകൻ നവീൻ കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ.
മട്ടന്നൂർ: വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ റിട്ട. അധ്യാപികയ്ക്കും മകനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിലെ സി. ജ്യോതി, മകൻ നവീൻ കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. \
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഇരുവരെയും വെട്ടേറ്റു മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
അതേസമയം മകൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് സ്ഥിരീ കരിച്ചു. റിട്ട. അധ്യാപിക സി. ജ്യോതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ നവീൻ കൃഷ്ണ സ്വയം കുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലിസ് സ്ഥിരീകരണം. പുറത്തുനിന്നുള്ള ആർക്കും കൊലപാതകത്തിൽ പങ്കില്ലെന്ന് പൊലിസ് ഉറപ്പിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തിയതിലും പോസ്റ്റ്മോർട്ടം ചെയ്തതിലും ലഭിച്ച വിവരങ്ങൾ പ്രകാരം നവീൻ കൃഷ്ണ തന്നെയാണ് കൃത്യം ചെയ്തതെന്ന സൂചനകളാണ് ലഭിച്ചത്. ജ്യോതിയുടെ കഴുത്തിലും കൈകളിലും മുറിവുണ്ട്. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. നവീനിന്റെ നെഞ്ചിലും കഴുത്തിലും മുറിവുകളുണ്ട്.
വിഷാദരോഗത്തിന് നവീൻ കൃഷ്ണ ചികിത്സ തേടിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസവും കൂത്തുപറമ്പിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇദ്ദേഹം കൗൺസിലിംഗിന് വിധേയനായിരുന്നുവെന്നു പറയുന്നു. അമ്മയുമായി നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
രാവിലെ ഒന്പതോടെ വീട്ടിൽനിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ക്ഷേത്രത്തിൽ പോയ ഗൃഹനാഥൻ ജയകൃഷ്ണൻ 10.30ഓടെ തിരികെയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ഭാര്യയെയും മകനെയും കണ്ടത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. സിറ്റി പൊലിസ് കമ്മിഷണർ വിജയ്ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ കൂത്തുപറമ്പ് എസിപിയുടെ ചുമതലയുള്ള കണ്ണൂർ എസിപി എം.പി.ആസാദ്, മട്ടന്നൂർ ഇൻസ്പെക്ടർ എം.വി.ഷീജു, എസ്ഐ വി.വി.ദീപ്തി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. മട്ടന്നൂരിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഇടവേലിക്കലിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. തറവാട് വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരത്തോടെ തറവാട് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു. സി. സദാനന്ദൻ എംപി, വി.കെ. സനോജ് എംഎൽഎ, പി.ടി. മാത്യു, മാർട്ടിൻ ജോർജ്, പി. പുരുഷോത്തമൻ, എം. രതീഷ്, വൽസൻ തില്ലങ്കേരി, ബിജു ഏളക്കുഴി, അബ്ദുൾ കരീം ചേലേരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
Tags : Tearful farewell to retired teacher and her son Nattuvishesham DistrictNews