ആറാലുംമൂട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിലെ തൊഴിലാളികള്‍ ശന്പള കുടിശികയില്‍ പ്രതിഷേധിച്ചു കുത്തിയിരുപ്പ് സമരം നടത്തിയപ്പോള്‍.
നെയ്യാറ്റിന്‍കര: തൊഴിലാളികളുടെ ശന്പളകുടിശികയ്ക്കു പരിഹാരം കാണാത്ത മാനേജ്മെന്റ് നിലപാടിനെതിരെ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡി(കെഎഎല്‍) ലെ തൊഴിലാളികള്‍ കുത്തിയിരുപ്പ് സമരം നടത്തി. രാവിലെ മുതല്‍ വൈകുന്നേരം വരെ കെഎഎല്ലിന്റെ പോര്‍ട്ടിക്കോയിലാണ് സമരം നടത്തിയത്.
ഇക്കഴിഞ്ഞ 22ന് എംഡിയെ സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ തടഞ്ഞപ്പോള്‍ 30 നകം അനുകൂല നിലപാട് കൈക്കൊള്ളാമെന്നു നല്കിയ വാഗ്ദാനം പാലിക്കാത്തതിലും തൊഴിലാളികള്‍ പ്രതിഷേധിച്ചു.
എംഡി കെഎഎല്ലില്‍ വരാറേയില്ലെന്നും നഗരത്തിലുള്ള വാടകവീട്ടിൽ കമ്പനി കാറുമായി മാറി നിൽക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് എച്ച്ആര്‍ മാനേജരുമായി ചര്‍ച്ച നടന്നു. ശന്പളകുടിശിക ലഭിക്കാതെ സമരത്തില്‍നിന്നു പിന്മാറില്ലെന്ന തൊഴിലാളികളുടെ നിലപാട് അദ്ദേഹം എംഡിയെ അറിയിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ 53 സ്ഥിരം ജീവനക്കാര്‍ക്കും ജിഐഡി മാനേജര്‍ ശന്പള അഡ്വാന്‍സ് എന്ന നിലയില്‍ അയ്യായിരം രൂപ വീതം നല്കി. പക്ഷെ, 10 മാസത്തിലേറെ ശന്പള കുടിശികയുള്ള തൊഴിലാളികളാരും സമരത്തില്‍ നിന്നും പിന്മാറാന് ഒരുക്കമല്ല.
പല തൊഴിലാളികളുടെയും ജീവിതസാഹചര്യം നിലവില്‍ ഏറെ സങ്കടകരമാണെന്നും തൊഴിലാളികള്‍ ആവര്‍ത്തിച്ചു. കിട്ടാനുള്ള മുഴുവന്‍ ശന്പളവും ലഭിക്കുന്നതുവരെ ടൂള്‍ ഡൗണ്‍ സ്ട്രൈക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുന്നതു സംബന്ധിച്ച് സംയുക്തസമരസമിതി ഇന്നു തീരുമാനമെടുത്തേക്കും.
Tags :