നിർദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപാതയുടെ രൂപരേഖ.
കാഞ്ഞങ്ങാട്: സാഹചര്യങ്ങൾ മുമ്പെന്നത്തേതിനേക്കാളും അനുകൂലമായതോടെ കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപാതയെന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വയ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഉത്തരകേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന പാതയുടെ പ്രാഥമിക സർവേ നടപടികൾ വർഷങ്ങൾക്കുമുമ്പ് പൂർത്തിയായതാണ്. കർണാടകയുടെ ഭാഗത്തുനിന്നുണ്ടായ താത്പര്യക്കുറവിനെത്തുടർന്നാണ് പദ്ധതി സ്തംഭനാവസ്ഥയിലായത്.
ഇപ്പോൾ കേരളത്തിലും കർണാടകയിലും ഒരേസമയം കോൺഗ്രസ് ഭരണത്തിലാവുകയും രണ്ടു മുഖ്യമന്ത്രിമാരും തമ്മിൽ മികച്ച വ്യക്തിബന്ധം പുലർത്തുകയും ചെയ്യുന്ന സാഹചര്യം പുതിയ പാതയ്ക്ക് ഏറ്റവും അനുകൂലമാണ്. ദീർഘകാല ലക്ഷ്യങ്ങളോടുകൂടിയുള്ള വികസനപദ്ധതികളുടെ കാര്യത്തിലും രണ്ടു മുഖ്യമന്ത്രിമാരും ഒരേ വീക്ഷണം പങ്കിടുന്നവരാണ്.
നിലവിൽ വന്ദേഭാരത് ട്രെയിനുൾപ്പെടെ സർവീസ് നടത്തുന്ന മംഗളൂരു-ബംഗളൂരു റെയിൽപാതയിൽ ഉൾപ്പെട്ട സ്ഥലമാണ് കർണാടകയിലെ കാണിയൂർ. കാഞ്ഞങ്ങാട്ടു നിന്ന് കേരളത്തിന്റെ അതിർത്തിഗ്രാമമായ പാണത്തൂരിലേക്ക് 41 കിലോമീറ്ററും അവിടെനിന്ന് കർണാടകയിലൂടെ ഏതാണ്ട് 50 കിലോമീറ്ററും നീളത്തിൽ റെയിൽപാത സ്ഥാപിച്ചാൽ കാണിയൂരുമായി ബന്ധിപ്പിക്കാനാകും. കാണിയൂരിൽ നിന്നു നിലവിലുള്ള റെയിൽപാത വഴി ഏതാണ്ട് 250 കിലോമീറ്റർ ദൂരം മാത്രമാണ് ബംഗളൂരുവിലേക്കുള്ളത്. പുതിയ പാത വന്നാൽ കാഞ്ഞങ്ങാട്ടു നിന്ന് ആറു മുതൽ ഏഴു മണിക്കൂർ വരെ സമയത്തിനുള്ളിൽ ബംഗളുരുവിൽ എത്താനാകും. നിലവിൽ ഈ യാത്രാസമയം 12 മണിക്കൂറാണ്.
മാലക്കല്ലിലെ റിട്ട. എൻജിനിയറായ ജോസ് കൊച്ചിക്കുന്നേലാണ് ഇങ്ങനെയൊരു റെയിൽപാതയുടെ സാധ്യത ആദ്യമായി അവതരിപ്പിച്ചത്. റെയിൽവേയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതിനെത്തുടർന്ന് 2008 ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ സ്ഥാനംപിടിച്ച പാതയുടെ സർവേ നടപടികൾ പൂർത്തിയായത് 2014-15 കാലത്താണ്. കാഞ്ഞങ്ങാടിനും പാണത്തൂരിനുമിടയിൽ പാത കടന്നുപോകുന്ന കൃത്യമായ വഴിയും അഞ്ചു നിർദിഷ്ട റെയിൽവേ സ്റ്റേഷനുകളുമുൾപ്പെടെ സർവേയിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.
സമാനമായ രീതിയിൽ നിർദേശിക്കപ്പെട്ട തലശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് പാതകളെ അപേക്ഷിച്ച് ജനവാസകേന്ദ്രങ്ങളും വനമേഖലകളും പരമാവധി ഒഴിവാക്കിയാണ് കാണിയൂർ പാതയ്ക്കായി സർവേ നടത്തിയത്.
കാഞ്ഞങ്ങാടുനിന്ന് തുടങ്ങി രാജപുരം-പാണത്തൂർ ഭാഗത്തെ മലയോര കുടിയേറ്റ മേഖകെയും വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്തെയും കർണാടകയിലെ സുള്ള്യ, ജാൽസൂർ ടൗണുകളെയും റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കാൻ ഈ പാതയ്ക്ക് കഴിയും.
യാത്രാവണ്ടികളുടെയും ചരക്കുഗതാഗതത്തിന്റെയും സാധ്യതകൾ പരിഗണിക്കുമ്പോൾ ഈ പാത തികച്ചും ലാഭകരമായിത്തീരുമെന്ന് സർവേയിൽ വിലയിരുത്തിയിരുന്നു. 10 വർഷത്തിനിപ്പുറം എല്ലാ മേഖലകളിലെയും വികസനസാധ്യതകൾ അതിലേറെയായി വളർന്നിട്ടുണ്ട്.
പാതയുടെ നിർമാണച്ചെലവ് റെയിൽവേയോടൊപ്പം കേരള-കർണാടക സർക്കാരുകളും തുല്യമായി വഹിക്കണമെന്നായിരുന്നു അന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം.
ഈ കാര്യത്തിലാണ് കർണാടക പിന്നാക്കം പോയത്.
പുതിയ പാതകൊണ്ട് കേരളത്തിനു ലഭിക്കുന്ന അത്രയും പ്രയോജനം കർണാടകയ്ക്ക് ലഭിക്കാനില്ലെന്നായിരുന്നു അവരുടെ വിലയിരുത്തൽ. നിർമാണച്ചെലവും പുതിയ പാത കൊണ്ടുണ്ടാകുന്ന ലാഭവും സംബന്ധിച്ച് ഇരു സർക്കാരുകളും തമ്മിൽ ധാരണയിലെത്തിയാൽ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് നിഗമനം.
ബംഗളൂരു പാതയിൽ കേരളത്തിൽ നിന്നുള്ളവർ കൂടുതലായി എത്തുന്നതു മൂലമുള്ള വാണിജ്യസാധ്യതകളും ശബരിമല തീർഥാടകർക്കുൾപ്പെടെ കുറഞ്ഞ ദൂരത്തിൽ കേരളത്തിലേക്ക് എത്താൻ കഴിയുന്നതുമുൾപ്പെടെ പുതിയ പാത കൊണ്ട് കർണാകയ്ക്കും നേട്ടങ്ങളേറെ ഉണ്ടാകാവുന്നതാണ്.
പുതിയ റെയിൽവേ വികസനപദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടുത്തിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ച നിവേദനത്തിൽ കാണിയൂർ പാതയുടെ കാര്യം ഉൾപ്പെടുത്തിയിരുന്നു. പുതിയ പാതയുടെ സാധ്യതകൾ ചർച്ച ചെയ്യാൻ നിർദിഷ്ട പാത കടന്നുപോകുന്ന വഴികളിലെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിക്കാമെന്നാണ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
Tags : Railway Line nattuvishesham local news Kanhangad–Kaniyur