കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറ പൊന്നുണ്ടമലയിൽ ആധുനിക വാതക ശ്മശാനം നിർമിക്കാൻ സർക്കാർ അനുവദിച്ച ഭൂമി.
കൂരാച്ചുണ്ട്: മൂന്ന് പതിറ്റാണ്ടിലേറെയായി കൂരാച്ചുണ്ട് പഞ്ചായത്തിലെ പൊതുജനങ്ങളുടെ ആവശ്യമായ ആധുനിക വാതക ശ്മശാനം പദ്ധതി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ മാസങ്ങൾ പിന്നിട്ടെങ്കിലും പ്രവർത്തി ആരംഭിക്കാത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജൂൺ മാസത്തിൽ ടെൻഡർ, എഗ്രിമെന്റ് ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയായതാണ്.
വട്ടച്ചിറ പൊന്നുണ്ടമലയിൽ സർക്കാർ അനുവദിച്ച പഞ്ചായത്ത് വക ഭൂമിയിലെ 25 സെന്റ് സ്ഥലത്താണ് വാതകശ്മശാനം നിർമിക്കാൻ അനുമതി ലഭിച്ചത്. പദ്ധതി പ്രദേശത്തെ പാറ പൊട്ടിച്ചു നീക്കുന്നതിനായുള്ള സർവേ നടത്തുകയും ചെയ്തിരുന്നു. ഇംപാക്ട് കേരളയ്ക്കായിരുന്നു മേൽനോട്ട ചുമതല.
പദ്ധതിയുടെ നിർമാണത്തിനായി 2.32 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ പ്രവർത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. പത്തോളം ഉന്നതികളിലുള്ള നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് ഇത്മൂലം ഉറ്റവരെ സംസ്കരിക്കാൻ ഇടമില്ലാതെ പ്രയാസപ്പെടുന്നത്. 1984 മുതൽ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾ ഫലത്തിലെത്തിക്കാൻ നടപടിയുണ്ടാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Tags : Koorachundu Gas Crematorium Nattuvishesham DistrictNews Protest