കാസര്‍ഗോഡ്: 2026 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജില്ലയില്‍ 25 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. എച്ച്ഐവി സ്ഥിരീകരിച്ച മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ കൗണ്‍സിലിംഗിനു ശേഷം എആര്‍ടി ചികിത്സ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. കാസ്ഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്ഥിതി ചെയ്യുന്ന ഉഷസ് എച്ച്ഐവി ചികിത്സാകേന്ദ്രത്തില്‍ നിലവില്‍ 983 എച്ച്ഐവി ബാധിതര്‍ക്ക് എആര്‍ടി ചികിത്സ നല്കിവരുന്നു.
എച്ച്ഐവി ടെസ്റ്റിംഗിനും കൗണ്‍സിലിംഗിനുമായി ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലായി മൂന്ന് ഐസിടിസി (ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്റര്‍), 37 എഫ്ഐസിടിസി (ഫെസിലിറ്റി ഇന്‍ഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്റര്‍) എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എച്ച്ഐവി പരിശോധനയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.
എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് സുരക്ഷാ പ്രൊജക്ടുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍ടെക്, കെഎന്‍പി പ്ലസ്, സിആര്‍ഡി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.
എആര്‍ടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ കൂട്ടായ്മയായ കെയര്‍ ആന്‍ഡ് സപ്പോർട്ട് സെന്ററിന്റെ നേത്യത്വത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തിവരുന്നുണ്ട്. കാസര്‍ഗോഡ് സാമൂഹ്യ സുരക്ഷാ മിഷന് കെയര്‍ ടീം നിലവിലുണ്ട്.
ജില്ലയിലെ മുഴുവന്‍ എച്ച്ഐവി അണുബാധിതരേയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Tags : 983 people living with HIV in the district Nattuvishesham DistrictNews