കായണ്ണ പഞ്ചായത്തിലെ ജീവ ജാതികളെ ഡോ. കെ.പി. മഞ്ജു പ്രഖ്യാപിക്കുന്നു.
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഔദ്യോഗിക ജീവജാതികളെ പ്രഖ്യാപിച്ചു. മത്സ്യങ്ങളിൽ മാനത്തു കണ്ണിയും വൃക്ഷങ്ങളിൽ പൂവവും പൂക്കളിൽ കാക്കപ്പൂവും പക്ഷികളിൽ മരതക പ്രാവും തുമ്പികളിൽ ഓണത്തുമ്പിയും പൂമ്പാറ്റകളിൽ വിലാസിനിയും മൃഗങ്ങളിൽ പുള്ളി വെരുകും പാമ്പുകളിൽ പച്ചില പാമ്പും കായണ്ണയുടെ ഔദ്യോഗിക ജീവജാതികളായി. സംരക്ഷണ പ്രാധാന്യമുള്ള ഔദ്യോഗിക ജീവ ജാതികളെ പ്രാദേശിക ജൈവ വൈവിധ്യ കർമ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ പദ്ധതി തയാറാക്കുന്നുണ്ട്.
ഔദ്യോഗിക ജീവജാതികളുടെ പേര്, ശാസ്ത്രനാമം, പ്രത്യേകതകൾ, സംരക്ഷണ പ്രാധാന്യം എന്നിവ രേഖപ്പെടുത്തിയ ഫ്ലാഷ് ബോർഡുകൾ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ "ഇൻസ്പെയർ ദ ഫ്യൂച്ചർ' പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെയും ഈ ജീവ ജാതികളെ സംരക്ഷിക്കുന്നതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലന ബോധവത്കരണങ്ങളിലൂടെ പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും വിദ്യാർഥികളും നിർദേശിച്ച ജീവ ജാതികളിൽ നിന്ന് ജൈവ വൈവിധ്യ വിദഗ്ധ സമിതിയാണ് ഔദ്യോഗിക ജീവജാതികളെ കണ്ടെത്തിയത്. പ്രശസ്ത ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. എം.ഡി. ജാഫർ പാലോട്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് നേതൃത്വപരമായ പങ്കു വഹിച്ചത്. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി കോ ഓർഡിനേറ്റർ ഡോ കെ.പി. മഞ്ജു ജീവ ജാതികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. രജിത, കെ.കെ. അബൂബക്കർ, അബ്ദുൾ ലത്തീഫ്, കെ.വി.സി. ഗോപി, സി. ശശിധരൻ, ടി. സത്യൻ എന്നിവർ പ്രസംഗിച്ചു.