തലയോലപ്പറമ്പ് ഡിബി കോളജ് ഐക്യുഎസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം പ്രിന്‍സിപ്പൽ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ്:ദേവസ്വം ബോര്‍ഡ് കോളജ് ഐക്യുഎസിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷിച്ചു. വാദ്യമേളങ്ങളോടെ ഘോഷയാത്ര നടത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്.
തുടര്‍ന്ന് പിജി ഓഡിറ്റോറിയത്തില്‍ നടന്ന കേരളപ്പിറവി ആഘോഷം പ്രിന്‍സിപ്പൽ ഡോ.ആർ. അനിത ഉദ്ഘാടനം ചെയ്തു. ഒന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി അസ്മി ആമി അജയ് കേരള നടനം അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ കേരള മങ്ക, കേരള ശ്രീമാന്‍ മത്സരങ്ങളും ഉണ്ടായിരുന്നു. ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. ഹരിനാരായണന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പൽ ഡോ.എ. നിഷ, ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.എന്‍. സുമേഷ്, അസിസ്റ്റന്റ് പ്രഫസര്‍മാരായ അഞ്ജലി സി. നായര്‍, ഡോ. ലജ്ന പി. വിജയന്, ഡോ. അന്‍വി മോളി ടോം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഉദയനാപുരം: പഞ്ചായത്തിൽ കേരള പ്പിറവിയുടെ 70ാം വാർഷികം ആഘോഷിച്ചു.ആഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേമ പദ്ധതികൾ കേരളപ്പിറവി ദിനത്തിൽ നടപ്പാക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചു.
മാനസിക വെല്ലുവിളി നേരിട്ട് മാതാപിതാക്കളുടെയോ ബന്ധുക്കളുടേയോ സംരക്ഷണയിൽ വീടുകളിൽ കഴിയുന്നവർക്ക് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമേ പ്രതിമാസം 1000 രൂപ കൂടി പഞ്ചായത്തിൽ നിന്നും നൽകും.
വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന ആഹാരം പാചകം ചെയ്ത് കഴിക്കാൻ നിർവാഹമില്ലാത്തവർക്ക് ഭക്ഷണം പാചകം ചെയ്ത് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള പദ്ധതിയും കേരളപ്പിറവിയോട് അനുബന്ധിച്ച് നടപ്പാക്കും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദീപേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദീൻ, വി. വിബിൻസ്, ആജിഷ ഉദയകുമാർ, ഗീതാ ഷാജി, മിനി മനയ്ക്കപ്പറമ്പിൽ, ടി.പി.രാജലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി പി.പി. വിനോദ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം: സീനിയർ ചേംബർ ഇന്റർ നാഷണൽ വൈക്കം ലീജിയന്റെ ആഭിമുഖ്യത്തിൽ കേരളപിറവി ദിനാഘോക്ഷവും കുടുംബ സംഗമവും നടത്തി.
ആഘോഷ പരിപാടി നാഷണൽ കോ-ഓർഡിനേറ്റർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എസ്സിഐ വൈക്കം ലീജിയൻ പ്രസിഡന്റ് ടി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ, സെക്രട്ടറി കെ. ശിവപ്രസാദ്, ഡോ. സിബി ജോൺ, അജിത് വർമ, ഐജു ജേക്കബ്, വി.കെ. ശ്രീകുമാർ, സാബുവർഗീസ്, എൻ. സിദ്ധാർഥൻ, സുജാത ശ്രീകുമാർ, മനോജ് കൈമൾ, എസ്.കെ. നായർ, ശ്രീലത വർമഎന്നിവർ സംബന്ധിച്ചു.
Tags :