പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: വിത്തുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച് ആലപ്പുഴയില്‍ വിതരണം ചെയ്യാനുള്ള കൃഷിവകുപ്പിന്റെ നടപടി കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഒക്ടോബര്‍ 29-ന് കൃഷിവകുപ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് സമിതിയുടെ പ്രതികരണം. വിത്തിനായി പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുമ്പോള്‍ അഞ്ചു ശതമാനം കിഴിവ് അനുവദിക്കണമെന്നാണ് കൃഷി അസിസ്റ്റന്റ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശം.
നൂറുകിലോ നെല്‍വിത്ത് വാങ്ങുമ്പോള്‍ അഞ്ചുകിലോ കൂടുതലായി നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഈ തീരുമാനം പാലക്കാട്ടെ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കും. വിത്തിനായി സംഭരിക്കുന്ന നെല്ലിന് ഇത്തരത്തില്‍ കിഴിവ് അനുവദിക്കുന്നതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ അടിസ്ഥാനമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ശുദ്ധീകരണവും ഗ്രേഡിംഗും ഗുണനിലവാര പരിശോധനയും പൂര്‍ത്തിയാക്കാത്ത പ്രോസസ് ചെയ്യാത്ത നെല്ല് നേരിട്ട് വിത്തായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യരുത്. ഇത്തരത്തിലുള്ള നെല്ലില്‍ കളവിത്തുകൾ, മറ്റു നെല്ലിനങ്ങളുടെ വിത്തുകൾ, മാലിന്യങ്ങള്‍ എന്നിവ കലര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്.
ഇത് ആലപ്പുഴയിലെ പാടശേഖരങ്ങളില്‍ കളവിത്തുകളുടെ വ്യാപനത്തിനും തുടര്‍ന്നുള്ള കൃഷികളില്‍ അധിക സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുമെന്ന് സമിതി ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് ചൂണ്ടിക്കാട്ടി. വിതരണം ചെയ്യുന്ന വിത്തിന്റെ ഇനശുദ്ധി, ഭൗതികശുദ്ധി, മുളപ്പിക്കല്ശേഷി, വിത്തിന്റെ ആരോഗ്യനില, കളവിത്തുകളുടെ സാന്നിധ്യം എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവൂ. കൂടാതെ വിത്ത് സംഭരിച്ച തീയതി, സംഭരണസ്ഥലം, പ്രോസസിംഗ് നടത്തിയ തീയതി, ജര്‍മിനേഷന്‍ പരിശോധന നടത്തിയ തീയതി, പരിശോധനാ ഫലങ്ങള്‍ എന്നിവയും സുതാര്യമായി ലഭ്യമാക്കണമെന്നും നെല്‍ക്കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Tags :