ബൈലാറ്ററൽ ഓപ്പൺ നെഫ്രക്ടമി എന്ന സങ്കീർണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ആസ്റ്റർമിംസിലെ മെഡിക്കൽ സംഘം.
കോഴിക്കോട്: അപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിയുടെ 9.3 കിലോ ഭാരമുള്ള ഇരു വൃക്കകളും കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു.
ജനിതക രോഗമായ ഓട്ടോസോമൽ ഡോമിനന്റെ പോളിസിസ്റ്റിക് കിഡ്നി ഡിസീസ് മൂലം അസാധാരണമാംവിധം വലുതായി തീർന്ന വൃക്കകളാണ് ബൈലാറ്ററൽ ഓപ്പൺ നെഫ്രക്ടമി എന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. യൂറോളജി, നെഫ്രോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.
സാധാരണയായി മനുഷ്യശരീരത്തിലെ ഒരു വൃക്കയ്ക്ക് 120 മുതൽ 150 ഗ്രാം വരെ മാത്രമാണ് ഭാരമുണ്ടാകാറുള്ളത്. എന്നാൽ ഈ ജനിതക രോഗാവസ്ഥ കാരണം രോഗിയുടെ വലത് വൃക്കയ്ക്ക് 4.2 കിലോഗ്രാം ഭാരവും ഇടത് വൃക്കയ്ക്ക് 5.1 കിലോഗ്രാം ഭാരവും വന്ന് വലുതാവുകയായിരുന്നു.
ഉദരത്തിലെ പ്രധാന രക്തധമനികളോട് ചേർന്നുനിന്ന ഭീമാകാരമായ വൃക്കകൾ മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾ കൂടാതെ വേർപെടുത്തിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. സൂർദാസ് രാധാകൃഷ്ണൻ പറഞ്ഞു. ഡോ. സൂർദാസ് രാധാകൃഷ്ണൻ, ഡോ.രവികുമാർ കരുണാകരൻ, ഡോ. അഭയ് ആനന്ദ്, ഡോ. അൽഫോൺസ് ഫിലിപ്പ്, ഡോ. ദീപ്ന, അനസ്തെറ്റിസ്റ്റ് ഡോ. മിഥുൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
Tags : surgically removed Nattuvishesham DistrictNews DeepikaNews