കോഴിക്കോട്: ഖത്തര്‍ കെഎംസിസി കവര്‍ച്ചാക്കേസിലെ പ്രതി റൊട്ടാന റസാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. വ്യക്തി വിരോധത്തിന്റെ പേരില്‍ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാന്‍ ആകില്ലെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു.
കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഹസനെ കൂടാതെ ബാലകൃഷ്ണന്, ബോംബെ ഷാജിയെന്ന ഷാജഹാന്, റാഷി, ബാവ എന്ന സാലിഹ്, നിസാര്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.
ഖത്തര്‍ അല്‍ തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് ഓഫീസറെ കെട്ടിയിട്ട് സ്ട്രോംഗ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കോടികള്‍ കവര്‍ന്നുവെന്നാണ് കേസ്. ഈ കേസില്‍ കൊയിലാണ്ടി പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
കവര്‍ച്ച നടന്നത് ഖത്തറിലാണെങ്കിലും പ്രതികളിലൊരാളായ കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവ് ബാലകൃഷ്ണന് കൊയിലാണ്ടി പൊലിസില്‍ കീഴടങ്ങിയതോടെയാണ് കൊയിലാണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചത്. ബോംബെ ഷാജി ആണ് ഒന്നാം പ്രതി. കീഴടങ്ങിയ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട് മോഷണം നടന്നത് ഖത്തറിലെ കെഎംസിസി ആസ്ഥാനത്തായതിനാല് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല.