കുറവിലങ്ങാട്: സീറോ മലബാർ സഭ കുറവിലങ്ങാട് ഫൊറോനാതല സമുദായ ശക്തീകരണ സമ്മേളനം സംഘാടക മികവിലും സംഘശക്തിയിലും ശ്രദ്ധനേടി.
കുറവിലങ്ങാട്, രത്നഗിരി, കാളികാവ്, കാട്ടാമ്പാക്ക്, വാക്കാട്, മോനിപ്പള്ളി, കുറിച്ചിത്താനം, മണ്ണയ്ക്കനാട് ഇടവകകളിൽനിന്നുള്ള ആറായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ദേവമാതാ ഓട്ടോണമസ് കോളജ് മൈതാനത്തെ നിധീരിക്കൽ മാണിക്കത്തനാർ നഗറിലൊരുക്കിയ ജർമൻ നിർമിത കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞാണ് സമുദായാംഗങ്ങൾ സമ്മേളിച്ചത്.
സമ്മേളനത്തിനു മുന്നോടിയായി നടന്ന സെമിനാറിൽ ഡോ. സിമി സെബാസ്റ്റ്യൻ, ഡോ. അലക്സ് കാവുകാട്ട്, ഡോ. ടി.ടി. മൈക്കിൾ തെക്കേകുരുവിനാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. സെമിനാർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് താന്നിമലയിൽ അധ്യക്ഷത വഹിച്ചു.
ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, ഇമ്മാനുവൽ ജോൺ നിധീരി, ജിനു തെക്കേപാട്ടത്തേൽ, റീസ ജോൺ മാങ്കൂട്ടത്തിൽ, സിന്ധു ജെരാർദ് നിധീരി മറുകര, സോണിയ സുദീപ് പാറ്റാനി, സണ്ണി നാലുമാക്കീൽ എന്നിവർ പ്രസംഗിച്ചു.
സമ്മേളനനഗറിലേക്ക് റാലിയായെത്തിയ രത്നഗിരി സെന്റ് തോമസ് ഇടവക ഏറെ ശ്രദ്ധനേടി. വിശുദ്ധരുടെ വേഷങ്ങളണിഞ്ഞും കൊടിതോരണങ്ങളും വർണക്കുടകളുമായുമാണ് റാലിയിൽ ഇടവകാംഗങ്ങൾ പങ്കുചേർന്നത്.
Tags : nattu vishesham Kuravilangad Community Empowerment