ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജോബി ജയിംസും ജാൻസിയും.
തലശേരി: പയ്യാവൂർ പാറക്കടവിൽ ഭർത്താവിനെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴ ശിക്ഷയും.
പയ്യാവൂർ തോണിപ്പാറക്കൽ വീട്ടിൽ ബാബുവിനെ (55) കൊലപ്പെടുത്തിയ കേസിൽ ഭാര്യ പയ്യാവൂർ പാറക്കടവ് സ്വദേശിനി ജാൻസി (ആനി ബാബു-47), ജാൻസിയുടെ സുഹൃത്ത് പയ്യാവൂർ വെമ്പുവ കുറ്റിക്കാട്ടുകുന്നേൽ ജോബി ജയിംസ് (48), എന്നിവരെയാണ് തലശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജ് സി.ജെ. ഡെന്നി ശിക്ഷിച്ചത്. ഒന്നാം പ്രതിയായ ജോബി ജയിംസിന് ഭവനഭേദനം വകുപ്പിൽ നാലുവർഷം അധികതടവും 50,000 രൂപ പിഴയുമുണ്ട്. പിഴയടച്ചാൽ കൊല്ലപ്പെട്ട ബാബുവിന്റെ കുടുംബത്തിന് നൽകണം. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ജയിൽ ശിക്ഷയായി പരിഗണിക്കാൻ സർക്കാർ അനുവദിക്കുമെങ്കിൽ ഇളവിന് അവകാശമുണ്ടാകും.
പാറക്കടവ് ഓർത്തഡോക്സ് പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു ബാബു കൊല്ലപ്പെട്ടത്. 2017 നവംബർ എട്ടിന് രാവിലെ ഏഴിന് ജാൻസിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ ബാബുവിനെ വീട്ടിലെ സെൻട്രൽ ഹാളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാബുവും ജാൻസിയുമായിരുന്നു ഈ വീട്ടിൽ താമസം. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഗോപാലകൃഷ്ണപിളളയുടെ റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഒന്നാം പ്രതി ജോബി ജയിംസ് 2009ൽ പാണത്തൂരിലുള്ള യുവതിയെ വിവാഹം കഴിച്ച ശേഷം പയ്യാവൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് രണ്ടാം പ്രതി ജാൻസിയുമായി പരിചയപ്പെടുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന് ഭർത്താവ് തടസമാകുന്നതിനാൽ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
ബാബുവിന്റെ സഹോദരൻ അഭിലാഷ് തോമസ്, ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. കെ.എൻ. അരുണ, ഡോ. ഷീജ, പൊലിസ് ഓഫിസർമാരായ വി.വി. ലതീഷ്, മല്ലിക, സി. പ്രിയ, കെ.കെ. ശ്രീല, കെ.വി. ഉഷാദേവി, പി. മണി, സുനിൽ ബാബു, ജോസ് ഡൊമനിക്, പഞ്ചായത്ത് സെക്രട്ടറി അഫ്സത്ത്, വില്ലേജ് ഓഫിസർ ടി.ജി. രാജേന്ദ്രൻ, ഫിംഗർ പ്രിന്റ് വിദഗ്ദ പി. സിന്ധു, സയിന്റിഫിക് അസിസ്റ്റന്റ് കെ.എസ്. ശ്രുതിലേഖ തുടങ്ങിയവരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികൾ.
പ്രോസിക്യൂഷന് വേണ്ടി തുടക്കത്തിൽ അഡ്വ. ഇ. ജയറാംദാസും നിലവിൽ ജില്ല ഗവ. പ്ലിഡർ അഡ്വ. കെ. അജിത്ത് കുമാറുമാണ് ഹാജരായത്. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകനായ ടി.പി. ഹരീന്ദ്രൻ വാദം നടത്തി.
Tags : nattuvishesham local news