പനംകുറ്റി ലവണപ്പാടത്ത് റോഡരികിലെ പാറക്കല്ലിൽ കയറിമറിഞ്ഞ തടി കയറ്റിയ ലോറി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽകുളമ്പ്- മേരിഗിരി മലയോരപാതയിൽ പനംകുറ്റി ലവണപ്പാടം എസ്എൻഡിപി ഓഫീസിനു മുന്നിൽ റോഡിലെ പാറക്കല്ലിൽ കയറി തടികയറ്റിയ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല.
വീതികുറഞ്ഞ റോഡിന്റെ പകുതിഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടാൻ ഇട്ടിരിക്കുകയാണ്. ഇതിനാൽ മറുഭാഗത്തു കൂടിയാണു വാഹനങ്ങൾ കടന്നു പോകുന്നത്. ഈ ഭാഗത്ത് റോഡ് വശത്ത് ഉയർന്നുനിൽക്കുന്ന പാറക്കല്ലാണ് അപകട കാരണമാകുന്നത്.
വീതി കുറവായതിനാൽ പാറയിൽ കയറാതെ കടന്നുപോകാനും കഴിയില്ല. വാഹനങ്ങൾ പാറയിൽ കയറി നിരപ്പു വ്യത്യാസത്തിൽ മറിയുകയാണ്. കോൺക്രീറ്റ് ചെയ്തഭാഗം ബലപ്പെട്ട് അതിലൂടെ വാഹനങ്ങൾ കടത്തിവിട്ടുവേണം റോഡിന്റെ പാതിഭാഗംകൂടി കോൺക്രീറ്റിംഗ് പണി ആരംഭിക്കാൻ.
അതു വരെ താഴ്ന്നുകിടക്കുന്ന ഈ ഭാഗത്ത് മെറ്റലെങ്കിലും നിരത്തി നിരപ്പുവ്യത്യാസം കുറച്ച് അപകടമില്ലാതാക്കണമെന്നാണ് ആവശ്യം.കഴിഞ്ഞ ദിവസം ഇവിടെ ടയർ പൊട്ടി കാർ നിയന്ത്രണംതെറ്റുന്ന സ്ഥിതിയുണ്ടായി.