ബാസ്കറ്റ്ബോൾ കിരീടം നേടിയ ശ്രീകാര്യം ലയോള സ്കൂൾ ടീം
തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഫാ. തോമസ് വെന്പാല സ്മാരക ഇന്റർ-സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ശ്രീകാര്യം ലയോള സ്കൂൾ ചാന്പ്യൻമാരായി. കലാശപ്പോരാട്ടത്തിൽ മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിനെ (40-27) പരാജയപ്പെടുത്തിയാണ് ലയോള ജേതാക്കളായത്. ആതിഥേയരായ തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിനെ (22-12) തോൽപ്പിച്ച് ബാലരാമപുരം നസ്രത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജേതാക്കളായ ലയോള സ്കൂളിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാരായ സെന്റ് തോമസ് സ്കൂളിന് 5,000 രൂപയും, മൂന്നാം സ്ഥാനക്കാരായ നസ്രത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂളിന് 3,000 രൂപയും കാഷ് പ്രൈസായി ലഭിച്ചു. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലയോള സ്കൂളിലെ അമൃത് രമേശിന് 3,000 രൂപയും ട്രോഫിയും സമ്മാനിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്പോസ് തുണ്ടുവളിച്ചിറ സിഎംഐ, ബർസാർ ഫാ. അജിത്ത് കിഴക്കേമലയിൽ സിഎംഐ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Tags : Inter-School Basketball Title Basket ball basket NattuVishesham DistrictNews