ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു.
ചെറുതോണി: കാൽവരിമൗണ്ടിലെ കർഷകരുടെ കൂട്ടായ്മയായ സ്പേസിയ ഇടുക്കി ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് പുതിയ പദ്ധതികൾ. സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിലെ സിസ്റ്റേഴ്സിന്റെ സാമൂഹ്യസേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ചെറുകിട കർഷകരെ സംഘടിപ്പിച്ച് അവരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2022ൽ രൂപീകരിച്ച കർഷക ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പേസിയ.
സുഗന്ധവ്യഞ്ജനങ്ങൾ, ചക്ക, കപ്പ, ഏത്തക്ക, കാപ്പി, ജാതിക്കാത്തൊണ്ട് എന്നിവയിൽനിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ, കറിമസാലകൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ സ്പേസിയ നേരിട്ട് വിപണിയിലെത്തിക്കുകയാണ്. ഇടുക്കിയിലെ 14 പഞ്ചായത്തുകളിൽനിന്നുള്ള 581 വനിതാ കർഷകർ ഉൾപ്പടെ 775 കർഷകകുടുംബങ്ങൾ കമ്പനിയുടെ ഓഹരി ഉടമകളാണ്. കാൽവരിമൗണ്ട് അൽഫോൻസാ നഗറിൽ കമ്പനിയുടെ പുതിയ ഓഫിസ് മന്ദിരം, ആധുനിക സൗകര്യങ്ങളോടുകൂടിയ പായ്ക്ക് ഹൗസ്, മെഗാ കളക്ഷൻ സെന്റർ എന്നിവയും നാലാമത് ജനറൽ ബോഡി യോഗവും ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
റോയി കെ. പൗലോസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ അന്ന സാമുവൽ, ഇടുക്കി പിഡിഎടിഎംഎ പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ ഡീന എന്നിവർ ക്ലാസ് നയിച്ചു.
ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ ഡോ. സിസ്റ്റർ പ്രദീപ സിഎംസി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജോളി പട്ടാംകുളം തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ പുതിയ ഓഹരി ഉടമകളുടെ സർട്ടിഫിക്കറ്റ് വിതരണവും കമ്പനിയുടെ പുതിയ ഈ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ലോഞ്ചിംഗും നടന്നു. ചെയർമാൻ സിസ്റ്റർ ചൈതന്യ സിഎംസി, സിഇഒ ജിജോ പാലത്തിങ്കൽ, ബോർഡ് അംഗങ്ങളായ റോബർട്ട് കണ്ണഞ്ചിറ, ചിന്നമ്മ ജോയി, വത്സമ്മ ടോമി, സുമതി പാറത്തോട്, സീന റോബിൻ, മാർക്കറ്റിംഗ് മാനേജർ സിസ്റ്റർ എൽസ സിഎംസി, പ്രൊഡക്ഷൻ മാനേജർ മാർട്ടിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
Tags :