കൊല്ലം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പുനലൂര്‍ താലൂക്കിലെ പുനലൂര്‍ മുന്‍സിപ്പല്‍ ഏരിയ, തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. സജീദിന്റെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ഈ തീര്‍ഥാടന അനുബന്ധ പ്രദേശങ്ങളിലെ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രമുള്ളതാണ് വില.
ശബരിമല തീര്‍ഥാടകരില്‍നിന്ന് നിശ്ചയിച്ച വിലയേക്കാള്‍ അധിക വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ശബരിമല തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും അമിത വില ഈടാക്കുന്നത് തടയുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ് തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും ഹോട്ടലുകളും മറ്റ് പൊതുവിപണികളും പരിശോധിക്കുന്നതിനും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ കെ വി സിന്ധു, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി ടി സദന്, സീനിയര്‍ സൂപ്രണ്ട് സീമ, സാം, ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :