നിലമ്പൂര്‍: അന്‍പത് വര്‍ഷത്തിലേറെയായുള്ള മലയോര ജനതയുടെ സ്വപ്നപദ്ധതിയായ നിലമ്പൂര്‍ - നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് വനഭാഗത്തെ റോഡിന്റെ വീതി കൂട്ടുന്നത് തടഞ്ഞതാണ് ജനരോഷത്തിനിടയാക്കിയിരിക്കുന്നത്.
മൈലാടിപ്പാലം മുതല്‍ നായാടംപൊയില്‍ വരെയുള്ള 25 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയില്‍ പൂര്‍ത്തിയാക്കാന്‍ 120 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കരാറുകാര്‍ വെണ്ണക്കോട് ഭാഗത്ത് റോഡ് വീതികൂട്ടുന്ന പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും വനംവകുപ്പ് ഇത് തടഞ്ഞു. നിലവിലെ വീതിയില്‍ ടാറിംഗ് നടത്താമെന്നും വീതി കൂട്ടണമെങ്കില്‍ പകരം ഭൂമിയും അനുബന്ധ സാമ്പത്തിക സഹായവും വേണമെന്നുമാണ് വനം വകുപ്പിന്റെ നിലപാട്.
വനഭൂമി വിട്ടുനല്‍കാന്‍ ആവശ്യമായ 3.08 ഹെക്ടര്‍ ഭൂമി നാല് വര്‍ഷമായിട്ടും ലഭ്യമാക്കാന്‍ കഴിയാത്തത് ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തന്റെയും വലിയ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ നൂറുകണക്കിന് കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലാണ്. മൊടവണ്ണ പാലത്തിന്റെ നിര്‍മാണവും വനം വകുപ്പിന്റെ എതിര്‍പ്പ് മൂലം അനിശ്ചിതത്വത്തിലാണ്.
പ്രശ്നത്തില്‍ വനം മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും പകരം ഭൂമി ലഭ്യമാക്കി 12 മീറ്റര്‍ വീതിയില്‍ തന്നെ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുമാണ് മലയോര ജനതയുടെ ആവശ്യം.