സൈക്കിൾ റാലിക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വം നൽകുന്നു.
ചാലക്കുടി: ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷന്റെ കീഴിലുള്ള നവചൈതന്യയുടെ ആഭിമുഖ്യത്തിൽ രൂപതയിലെ മുഴുവൻ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത സൈക്കിൾ റാലി നടത്തി.
ചാലക്കുടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബിനുശേഷം ഡിവൈഎസ്പി ജെ. കുര്യാക്കോസ് തൂഫാൻ ജ്വാല തെളിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പരിയാരത്തേക്കു നടത്തിയ സൈക്കിൾ റാലിക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വം നൽകി. റാലിക്കു പരിയാരം സെന്ററിൽ സ്വീകരണം നൽകി. പരിയാരം സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ തൂ ഫാൻ യാത്രയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ, രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ, സ്കൂൾ മാനേജർ ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ, ഫാ. ബെൻസി ചീനാൻ, സ്കൂൾ പ്രിൻസിപ്പൽ ഹീര ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. ജോഷി കല്ലേലി, ജൂനിയർ ഇന്നസെന്റ്്, ഫാ. ജോൺസൻ തറയിൽ, ഹെഡ്മാസ്റ്റർ സന്തോഷ് ദേവസി എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ മത്സരങ്ങളും ബോധവത്കരണവും
തൃശൂർ: ലഹരിക്കെതിരേ വിദ്യാർഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സി.പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് വിവിധ മത്സരങ്ങളും ബോധവത്കരണപരിപാടികളും സംഘടിപ്പിക്കുന്നു.
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ലഹരിക്കെതിരേ ഉണരണം, നാടിനായി ഒന്നിക്കണം എന്ന സന്ദേശവുമായാണ് ട്രസ്റ്റ് രംഗത്ത് വന്നിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി യുപി സ്കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരവും ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിതാരചന മത്സരം, ജനറൽ വിഭാഗത്തിലായി ഷോർട്ട് ഫിലിം ഫെസ്റ്റ് മത്സരം എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. തീയതികളും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കും. ഒക്ടോബറിൽ മന്ത്രി രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ജില്ലയിലെ വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ബോധവത് കരണക്ലാസുകളും സമ്മാനദാനവും നടത്തും. പത്രസമ്മേളനത്തിൽ സി.പി. സാലിഹ്, അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ഭാഗീഷ് പൂരാടൻ എന്നിവർ പങ്കെടുത്തു .