കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി എ.എം. ഷിറാസ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: വൈദ്യുതി ബോർഡ് ജീവനക്കാർക്കുനേരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വൈദ്യുതി മേഖലയിലെ പ്രതിസന്ധികളുണ്ടാകുമ്പോഴെല്ലാം ഉത്തരവാദിത്വം തൊഴിലാളികളുടെ മേൽ വെച്ചുകെട്ടുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ സാമൂഹ്യവിരുദ്ധർക്ക് ജീവനക്കാർക്കെതിരെ തിരിയാൻ അവസരമൊരുക്കുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.എം. ഷിറാസ് അഭിപ്രായപ്പെട്ടു.
വൈദ്യുതി ജീവനക്കാരുടെ ജീവനും സുരക്ഷയ്ക്കും സംരക്ഷണം ഉറപ്പാക്കുക, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുക, ആക്രമണങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് ആവശ്യമായ നിയമപരവും ഭരണപരവുമായ പിന്തുണ നൽകുക, ജീവനക്കാരെ അന്യായമായി കുറ്റക്കാരാക്കുന്ന നടപടികൾ അവസാനിപ്പിക്കുക സുഖമമായ വൈദ്യുതി വിതരണത്തിന് ഉത്പാദന, പ്രസരണ, വിതരണ മേഖലകൾ ആധുനികവത്കരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ അധ്യക്ഷൻ എം. രമേഷ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷാജഹാൻ മുഖ്യ അഥിതിയായി പങ്കെടുത്തു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ മുഖ്യ പ്രഭാക്ഷണം നടത്തി.