നെന്മാറ ടൗണിൽ ഓട്ടോറിക്ഷ റോഡരിൽ നിർത്തി കച്ചവടം നടത്തുന്നു.
നെന്മാറ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് ഒരുങ്ങുന്നു. വഴിയോരക്കച്ചവടം, അനധികൃത പാർക്കിംഗ്, വീതികുറഞ്ഞ റോഡിലെ വാഹനത്തിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യാപാരികളെയും വിവിധ വകുപ്പ് അധികൃതരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് നേതൃത്വത്തിൽ ചർച്ച നടത്തി.
നഗരത്തിലെ പ്രധാന പാതകളിൽ റോഡിന്റെ ഇരുവശവും കൈയേറിയുള്ള കച്ചവടവും ഒരേ സ്ഥലത്ത് സ്ഥിരമായി നാലുചക്ര വാഹനങ്ങൾ നിർത്തിയുള്ള വഴിയോരക്കച്ചവടവും ഗതാഗത തടസത്തിന് കാരണമാകുന്നതായി യോഗത്തിൽ അഭിപ്രായമുയർന്നു. അയിനംപാടം മുതൽ വിത്തനശേരി വരെയുള്ള ഭാഗങ്ങളിൽ പാതയോരം കൈയേറിയുള്ള കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മരാമത്ത് വകുപ്പ് നേരത്തെ തന്നെ നോട്ടിസ് നൽകിയിട്ടുണ്ട്.
സ്കൂൾ സമയങ്ങളിലാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നത്. ഇതു പരിഗണിച്ച് രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 6 വരെയും പ്രധാന പാതയോരങ്ങളിലെ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് പഞ്ചായത്ത് തീരുമാനം. ഗതാഗതം സുഗമമാക്കുന്നതിനായി ഈ സമയങ്ങളിൽ കച്ചവടം പൂർണമായി ഒഴിവാക്കണമെന്ന നിർദേശമാണ് നൽകുക. രാത്രികാലങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ പരാതിയുയർന്നു. പാതിരാത്രി കഴിഞ്ഞും തട്ടുകടകൾ പ്രവർത്തിക്കുന്നത് സാമൂഹികവിരുദ്ധ സംഘങ്ങൾക്കും ലഹരിസംഘങ്ങൾക്കും സാഹചര്യം ഒരുക്കുന്നതായും പരാതിയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി പ്രവർത്തിക്കുന്ന തട്ടുകടകൾ വൈകുന്നേരം ആറിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്നും രാത്രി 11നകം പ്രവർത്തനം അവസാനിപ്പിക്കണമെന്നും നിർദേശം നൽകും. നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ പാർക്കിംഗ് സൗകര്യക്കുറവിന് പരിഹാരം കാണാൻ 20 ലക്ഷം രൂപയുടെ പദ്ധതി ഉടൻ നടപ്പാക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി വേഗത്തിൽ പൂർത്തിയാക്കി നഗരത്തിലെ അനധികൃത പാർക്കിംഗ് കുറയ്ക്കുകയാണ് ലക്ഷ്യം. മാർച്ചിന് മുമ്പായി പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിക്കാതെയും അതേസമയം നഗരത്തിലെ ഗതാഗതം സുഗമമാക്കിയും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് സി.സി. സുനിൽ പറഞ്ഞു. കച്ചവടക്കാരെ സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
വ്യാപാരികളുമായും വിവിധ വകുപ്പ് അധികൃതരുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ട് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സി.സി. സുനിൽ വ്യക്തമാക്കി.
Tags : Solution for traffic congestion in Nemmara Nattuvishesham DistrictNews