കണ്ണൂർ ആസ്റ്റർ മിംസിലെ പീഡിയാട്രിക് ലൈഫ്സ്റ്റൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ബാലതാരം ബേബി നക്ഷത്ര നിർവഹിക്കുന്നു.
കണ്ണൂർ: കുട്ടികളിൽ വർധിക്കുന്ന ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും സമഗ്രമായ ചികിത്സയിലൂടെ പ്രതിരോധിക്കുന്നതിനുമായി കേരളത്തിലെ ആദ്യത്തെ പീഡിയാട്രിക് ലൈഫ്സ്റ്റൈൽ ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബാലതാരം ബേബി നക്ഷത്ര ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ജീവിതശൈലീ ക്രമീകരണത്തിനും രോഗപ്രതിരോധത്തിനുമായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രത്യേക വിഭാഗം സജ്ജമാകുന്നത്.
ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ഈ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുക.
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും വ്യായാമക്കുറവും അമിതമായ മൊബൈൽ ഉപയോഗവും മൂലം കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായി ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് സജ്ജീകരിച്ചത്.
അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബാധിക്കുന്നുണ്ട്.
കൂടാതെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതുമൂലമുണ്ടാകുന്ന ഓട്ടിസം, എഡിഎച്ച്ഡി, പെരുമാറ്റ വൈകല്യങ്ങളും തുടങ്ങി പഠന വൈകല്യങ്ങൾ വരെ ഇന്ന് വളർന്നുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ പ്രാദേശികമായി ലഭ്യമാക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കണ്ണൂർ ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം.കെ. നന്ദകുമാർ, പീഡിയാട്രിക് വിഭാഗം ഡോ. കിരൺ, ഡോ. വീണാകുമാരി, ഡോ. അമൃതാ, എൻഡോക്രൈനോളജി വിഭാഗം ഡോ. അർജുൻ, നിയോനേറ്റോളജി വിഭാഗം ഡോ. ശ്രീകാന്ത് സി. നായർ എന്നിവർ സംബന്ധിച്ചു.
Tags : Pediatric Lifestyle Clinic Nattuvishesham DistrictNews