ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ബജറ്റിൽ പോലും ഉൾക്കൊള്ളിക്കാത്ത പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രഹസന പരിപാടികൾ എംഎൽഎ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന ഈരാറ്റുപേട്ട കേന്ദ്രമായ പൂഞ്ഞാർ താലൂക്ക്, ട്രാഫിക് പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി തുടങ്ങിയ കാര്യങ്ങളിൽ എംഎൽഎ നിഷ്ക്രിയത്വം പാലിക്കുകയാണ്. മൂന്നുമാസം മുമ്പ് ഈരാറ്റുപേട്ടയിൽ എംഎൽഎ നടത്തിയ വ്യവസായ സംരംഭകമേളയിൽ 2500 കോടി രൂപയുടെ ബിസിനസ് പദ്ധതികൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 250 രൂപയുടെ പദ്ധതികൾ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എംഎൽഎയുടെ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുള്ള ഉദ്ഘാടന പ്രഹസനവും വികസന സന്ദേശയാത്രയും ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ മജു പുളിക്കൻ, ജോമോൻ ഐക്കര, മുഹമ്മദ് ഇല്യാസ്, കെ. സതീഷ് കുമാർ, കെ.എ. മാഹിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.