പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച അടിയന്തര പരിചരണം ഉറപ്പാക്കുന്നതിന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പിപിഎംഡി ശില്പശാല സംഘടിപ്പിച്ചു.
ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും വയനാട് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും സംയുക്തമായാണ് ഡോക്ടര്‍മാര്‍ക്കും നഴ്സിംഗ് ഓഫീസര്‍മാര്‍ക്കും മേയര്‍ വൈറ്റബയോട്ടിക്സിന്റെ അക്കാദമിക് പിന്തുണയോടെ ശില്പശാല ഒരുക്കിയത്. പ്രസവത്തോടനുബന്ധിച്ച് ഗര്‍ഭിണികള്‍ നേരിടുന്ന സങ്കീര്‍ണതകള്‍ മുന്‍കൂട്ടിക്കണ്ട് ജീവഹാനി ഒഴിവാക്കുക എന്നതാണ് പിപിഎംഡി പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതായിരുന്നു പരിശീലനം.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ആര്യ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.ഓമന മധുസൂദനന് അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡിപിഎച്ച്എന്‍ സുബൈറത്ത്, വയനാട് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി ഡോ.ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അണുബാധ, പെരിമോര്‍ട്ടം സിസേറിയന് എന്നീ വിഷയങ്ങളില്‍ ഡോ.ദീപക്, ഗര്‍ഭകാലത്തെ രക്തസമ്മര്‍ദം എന്ന വിഷയത്തില്‍ ഡോ.ഷെറിന് ഖദീജ എന്നിവര്‍ ക്ലാസെടുത്തു.
പ്രസവാനന്തര രക്തസ്രാവം എന്ന വിഷയത്തില്‍ ഡോ.ജ്യോതി രമേഷ്ചന്ദ്രനും രക്തം, രക്ത ഉത്പന്നങ്ങള്‍, ഫ്ളൂയിഡ് മാനേജ്മെന്റ്എന്നിവയെക്കുറിച്ച് ഡോ.എസ്. ദിവ്യയും മെറ്റേണല്‍ കൊളാപ്സും പുനരുജ്ജീവനവും എന്ന വിഷയത്തില്‍ ഡോ.റോസ് മേരിയും ബേസിക് ലൈഫ് സപ്പോര്‍ട്ടില്‍ ഡോ.ചന്ദനും പരിശീലനം നല്കി.
രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് മാറ്റുന്ന രീതി, പെരിമോര്‍ട്ടം സിസേറിയന് എന്നീ വിഷയങ്ങളില്‍ ഡോ.ആര്യ കൃഷ്ണന് ക്ലാസെടുത്തു. പ്രത്യേകശേഷി വികസന പ്രായോഗിക പരിശീലനത്തിന് ഡോ.നസീറ ബാനു, ഡോ.ചന്ദ്രശേഖരന്, ഡോ.ദീപക്, ഡോ.ജ്യോതി രമേഷ് ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Workshop