മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണ്‍ വൃത്തിയാക്കുന്നു.
മൂവാറ്റുപുഴ: മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലെത്തുന്ന ശബരിമല തീര്‍ഥാടകരെ സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാനും നഗരസഭയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയും വിശ്രമവും ഉറപ്പാക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളാണ് മൂവാറ്റുപുഴയില്‍ ഒരുക്കിയിരിക്കുന്നത്.
പുഴക്കരക്കാവ് ദേവീ ക്ഷേത്രം, വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രം, ശ്രീകുമാര ഭജന ക്ഷേത്രം, കിഴക്കേക്കര ശ്രീ ധര്‍മശാസ്ത്രാ ക്ഷേത്രം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രങ്ങള്‍ക്ക് നഗരസഭയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. വെള്ളൂര്‍ക്കുന്നം ക്ഷേത്രത്തില്‍ വൈകുന്നേരം അന്നദാനം നടത്തും. വിശ്രമകേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും നഗരസഭയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
തീര്‍ഥാടകര്‍ക്ക് വഴികാട്ടുന്നതിനായി പ്രധാന കേന്ദ്രങ്ങളില്‍ ദിശാബോര്‍ഡുകളും വിവിധ ഭാഷകളിലുള്ള നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും സ്ഥാപിച്ചു. നഗരത്തിലെ കടവുകളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക ഹെല്പ് ഡെസ്ക് സജീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ഇന്ന് മുതല്‍ ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ ആരോഗ്യസേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനൊപ്പം സഹായത്തിനായി ഹെല്പ് ഡസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊലിസ്, എക്സൈസ്, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.
Tags : Preparations completed Nattuvishesham DistrictNews