കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഭൂരേഖാ തഹസിൽദാർ കെ.എഫ്. യാസിർ ഖാന്റെ നേതൃത്വത്തിൽ ചേർന്ന യോഗം.
കാഞ്ഞിരപ്പള്ളി: എരുമേലി വലിയതോടിന്റെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ നാളെ ആരംഭിക്കും. നിയമസഭാ പരിസ്ഥിതിസമിതിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഭൂരേഖാ തഹസിൽദാർ വിളിച്ചുചേർത്ത യോഗത്തിലാണ് വലിയതോടിന്റെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
ശബരിമല തീർഥാടകർ കുളിക്കാനായി പ്രധാനമായും ഉപയോഗിക്കുന്നതും നഗരമധ്യത്തിലൂടെ ഒഴുകുന്നതുമായ എരുമേലി വലിയതോട്ടിൽ വ്യാപക തോതിൽ കൈയേറ്റം നടന്നതായി നിയമസഭാ പരിസ്ഥിതി സമിതി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പഞ്ചായത്ത് ഓഫിസിൽ നടത്തിയ അവലോകന യോഗത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ സമിതി അടിയന്തരമായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കാഞ്ഞിരപ്പള്ളി ഭൂരേഖാ തഹസിൽദാർ കെ.എഫ്. യാസിർ ഖാന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. എരുമേലി വില്ലേജ് ഓഫിസറടക്കമുള്ള റവന്യു ഉദ്യോസ്ഥർ, ഇറിഗേഷൻ, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
ആമക്കുന്ന് മുതൽ കരിങ്കല്ലുമൂഴി പാലം വരെയുള്ള കൈയേറ്റം തിട്ടപ്പെടുത്തി നോട്ടീസ് നൽകി സർവേക്കല്ലുകൾ സ്ഥാപിച്ച് കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്തിനുവേണ്ട സൗകര്യങ്ങൾ റവന്യു വകുപ്പടക്കം ചെയ്തു നൽകും. ഇതിന്റെ ഭാഗമായി നാളെ മുതൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ കൈയേറ്റക്കാരുടെ ലിസ്റ്റ് തയാറാക്കും. ആറു പേരടങ്ങുന്ന ടീമിനെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി നിയോഗിച്ചുണ്ട്.
എരുമേലി വില്ലേജ് ഓഫിസർ ഒഴിപ്പിക്കൽ നടപടികൾക്കു നേതൃത്വം നൽകുമെന്ന് ഭൂരേഖാ തഹസിൽദാർ കെ.എഫ്. യാസിർ ഖാൻ അറിയിച്ചു.
എരുമേലി വലിയതോട്ടിൽ വ്യാപക തോതിൽ കൈയേറ്റം നടക്കുന്നതായി മുന്പുതന്നെ പരാതികളുയുർന്നിരുന്നു. കൂടാതെ തോട് വ്യാപകമായി മലിനീകരിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം നിയമസഭാ പരിസ്ഥിതി സമിതി വലിയതോട്ടിൽ സന്ദർശനം നടത്തി നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.