കണ്ടല സർവീസ് സഹകരണ ബാങ്കിനുമുന്നിൽ നിക്ഷേപകർ പ്രതിഷേധ സമരം സംഘടിപ്പിച്ചപ്പോൾ.
മാറനല്ലൂർ: നിക്ഷേപകരുടെ പണം തട്ടിയെടുത്ത കണ്ടല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേ പ്രതിഷേധവുമായി നിക്ഷേപകർ രംഗത്ത്.
ബാങ്കിനു മുന്നിൽ സംഘടിച്ച നിക്ഷേപകർ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ബാങ്കിൽനിന്നും തങ്ങൾക്കു ലഭിക്കാനുള്ള തുക ഉടനടി തിരികെ നൽകണമെന്നും അല്ലാത്തപക്ഷം കൂടുതൽ ശക്തമായ ബഹുജന സമരങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പു നൽകി. വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നിലവിലെ ബാങ്ക് സെക്രട്ടറിയെ ഉടനടി സ്ഥാനത്തുനിന്നു മാറ്റണമെന്നതാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, പുതിയൊരു ഡെപ്പോസിറ്റ് കമ്മിറ്റി അംഗത്തെ നിയമിക്കണമെന്നും പ്രതിഷേധക്കാർ ശക്തമായി ഉന്നയിച്ചു.
ഡെപ്പോസിറ്റ് കമ്മിറ്റി അംഗത്തിന്റെ പൂർണമായ അറിവോ അനുമതിയോ ഇല്ലാതെ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താൻ പാടില്ലെന്നും സമരക്കാർ വ്യക്തമാക്കി.
സാധാരണക്കാരായ നിക്ഷേപകർ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കും സർക്കാരും ചേര്‍ന്ന് എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം കൂടുതൽ തീവ്രമാക്കാനാണ് നിക്ഷേപക കൂട്ടായ്മയുടെ തീരുമാനം.