റാന്നിയില്‍ മഴയില്‍ കടകളിലേക്ക് കയറിയ വെള്ളം കോരിനീക്കുന്ന വ്യാപാരികൾ.
റാന്നി: റാന്നിയില്‍ ഇന്നലെ വൈകുന്നേരം പെയ്ത ഇടിയോടുകൂടിയ ശക്തമായ മഴ വ്യാപാരികളില്‍ ഭീതിയുണ്ടാക്കി. കനത്ത മഴയില്‍ റോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഉയര്‍ന്ന് കടകളിലേക്ക് കയറിതോടെയാണ് ഭീതി വര്‍ധിപ്പിച്ചത്. മഴയ്ക്കൊപ്പം ശക്തമായ ഇടി മിന്നലുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതില്‍ വച്ച് ശക്തമായ മഴയ്ക്കാണ് ഇന്നലെ പ്രദേശം സാക്ഷ്യം വഹിച്ചത്. ഇതിനൊപ്പം കാതടപ്പിക്കുന്ന ഇടിമിന്നലും ശക്തമായ മിന്നല്പിണരുകളും ജനങ്ങളില്‍ വലിയ രീതിയിലുള്ള പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ഓഗസ്റ്റ് ഒന്നിനുണ്ടായ അതിശക്തമായ മഴയില്‍ റാന്നിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റ കെടുതി ഇനി വിട്ടുമാറിയിട്ടില്ല. വ്യാപാര മേഖലയ്ക്കാണ് അന്ന് കനത്ത നഷ്ടം നേരിട്ടത്. മഴ വീണ്ടും ശക്തമായി തിരിച്ചുവരുമ്പോള്‍ ആശങ്ക ഏറുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. റോഡില്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ കടകളിലേക്ക് പെട്ടെന്ന് വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഓടകളും ജലനിര്‍ഗമന മാര്‍ഗങ്ങളും അടഞ്ഞുകിടക്കുകയാണ്. കനത്ത മഴയില്‍ റോഡുകളിലും വാഹനങ്ങള്‍ക്കിടയിലൂടെയും കുത്തിയൊഴുകുന്ന വെള്ളം ഗതാഗതത്തെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. മണ്ണിനും ഭൂമിക്കും വലിയ രീതിയില്‍ പ്രഹരമേല്‍പ്പിക്കുന്ന തരത്തിലാണ് മഴയുടെ വരവ്. വെള്ളം പെട്ടെന്നു കയറി വന്നതോടെ താഴ്ന്ന സ്ഥലങ്ങളിലെ ഒട്ടുമിക്ക കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്നതും തറയില്‍നിന്ന് വ്യാപാരികള്‍ വെള്ളം കോരിക്കളയുന്നതും കാണാമായിരുന്നു.
പെയ്തിറങ്ങുന്നത് തീവ്രമഴ
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി അതിതീവ്രമഴ പെയ്തിറങ്ങുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴയാണ് പെയ്യുന്നത്. പകല്‍ ചൂടിന്റെ കാഠിന്യം ഏറുന്നതിനനുസരിച്ച് വൈകുന്നേരം മഴയുടെ ശക്തി കൂടൂമെന്ന സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മഴ മുന്നറിയിപ്പുകളെയും വെല്ലുന്നതരത്തിലാണ് പലയിടങ്ങളിലും മഴയുടെ അളവ്. ഓഗസ്റ്റില്‍ ലഭിച്ചതിനു സമാനമായ മഴ ഇനി പെയ്താല്‍ പൊടുന്നനെയുള്ള പ്രളയത്തിനുള്ള സാധ്യത വ്യാപാരികളും മുന്നില്‍ കാണുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി വേനല്‍ കടുത്തു നിന്നിരുന്നതിനാല്‍ പമ്പാനദിയിലും സമീപ തോടുകളിലെല്ലാം വെള്ളം തീരെ കുറവാണെന്നതു മാത്രമാണ് ആശ്വാസം. ഓടകളിലും നീര്‍ച്ചാലുകളിലും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയാല് കെടുതികള്‍ കുറയ്ക്കാനാകും.
പ്രളയനഷ്ടം കിട്ടാതെ വ്യാപാരികള്‍
ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ നഷ്ടപരിഹാരതുകയ്ക്കായി വ്യാപാരികള്‍ ഇപ്പോഴും റവന്യു ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. നിരവധി വ്യാപാരികള്‍ക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. വെള്ളം കയറിയ എല്ലാ കടകള്‍ക്കും 10000 രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതു വിതരണം ചെയ്യാനും ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചതാണ്. എന്നാല്‍ പ്രളയനഷ്ടം നേരിട്ടവരില്‍ പലര്‍ക്കും പണം ലഭിച്ചില്ല. വ്യാപാരികള്‍ക്കു പണം ലഭിക്കണമെങ്കില്‍ വിവിധ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപന ലൈസന്‍സ് അടക്കം പല വ്യാപാരികള്ക്കുമുണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ടിലെ നൂലാമാലകളും ചിലര്‍ക്കു തടസമായി. വില്ലേജ് ഓഫിസുകള്‍ മുഖേനയാണ് പണം നല്‍കുന്നത്. രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചവരുടെ പണം പാസായി നല്‍കിയിട്ടുണ്ടെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. വെള്ളംകയറിയ വീടുകള്‍ക്കും 10000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Tags : Nattuvishesham Districtnews Deepikanews Public distribution