പൂഞ്ഞാർ-പെരിങ്ങുളം റോഡിൽ പരപ്പാന്തറയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണപ്പോൾ.
പാലാ: കടുത്ത ചൂടില്‍നിന്ന് ആശ്വാസം പകരാന്‍ വേനല്‍ മഴയെത്തിയെങ്കിലും വീശിയടിക്കുന്ന കാറ്റും കാതടപ്പിക്കുന്ന ശബ്ദത്തോടെ മുഴങ്ങുന്ന ഇടമിന്നലും ജനത്തെ ഭീതിയിലാക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മീനച്ചില്‍ താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും സ്ഥിതി ഇതാണ്. പാലാ ടൗണില്‍ കഴിഞ്ഞ രണ്ടു ദിവസവും വൈകുന്നേരം ശക്തമായ മഴ ലഭിച്ചു. പരിസരപ്രദേശങ്ങളില്‍ ഇത്രയ്ക്ക് ശക്തിയോടെയല്ല മഴ പെയ്തതെങ്കിലും ചൂടിന് അല്പം ശമനം ലഭിച്ചു.
ശക്തമായ കാറ്റില്‍ പല സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണു. കടനാട് പഞ്ചായത്തിലെ മാനത്തൂര്‍ മണിയാക്കുംപാറയില് വീടിന് മുകളില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. വയോധികരായ ഏഴോലില്‍ മോനി, മേരി എന്നിവര്‍ക്ക് പരിക്കേറ്റു.
പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സീലിംഗ് കാറ്റിൽ നിലംപതിച്ചു. യാത്രക്കാര്‍ ഓടിമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തൂണുകള്‍ ഇളകിയ നിലയിലാണ്. പ്രദേശത്ത് വൈദ്യുതി തകരാറും സംഭവിച്ചിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും ഇന്നലെ രാത്രി വൈദ്യുതി വിതരണം നിലച്ചു.
പനയ്ക്കപ്പാലത്തും മരങ്ങാട്ടുപിള്ളിയിലും നെല്ലിയാനിയിലും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലാ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഗതാഗത തടസം ഒഴിവാക്കി.
പൂഞ്ഞാറിൽ
വ്യാപക നാശം
പുഞ്ഞാർ: പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലും വേനൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശം. തെക്കേക്കര പഞ്ചായത്തിലെ കല്ലേക്കുളം പരപ്പാന്തറയിൽ മരം ഒടിഞ്ഞുവീണ് നാലു വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. ഇതേത്തുടർന്ന് പൂഞ്ഞാർ-പെരിങ്ങുളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പൂഞ്ഞാർ-കുന്നോന്നി റോഡിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കു ളിനു സമീപം തേക്കുമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.
Tags : Rain wind nattuvishesham local news