എരുമേലി പേട്ടക്കവലയിൽ ധർമ ശാസ്താ ക്ഷേത്ര (കൊച്ചമ്പലം) ഗോപുരത്തിൽ പുലിയുടെ മുകളിൽ ഇരിക്കുന്ന അയ്യപ്പശിൽപത്തിന് സന്തോഷ് ഛായം നൽകുന്നു.
എരുമേലി: പേട്ടക്കവലയിലെ അയ്യപ്പ ശിൽപത്തിനും വലിയമ്പലത്തിലെ ഗോപുരശിൽപങ്ങൾക്കും നിറച്ചാർത്തൊരുക്കുന്നത് ചുണ്ടില്ലാമറ്റം സന്തോഷിന്റെ കരവിരുത്. 25 വർഷമായി മണികണ്ഠന്റെ ശിൽപത്തിന് ഛായം പകരുന്ന സന്തോഷ്, ഓരോ ശബരിമല തീർഥാടന കാലത്തും ഈ സേവനം തുടരുകയാണ്.
പേട്ടക്കവലയിലെ കൊച്ചമ്പല ഗോപുരത്തിനു മുകളിലുള്ള പുലിപ്പുറത്തേറിയ
അയ്യപ്പശിൽപത്തിനും വലിയമ്പലത്തിലെ അയ്യപ്പൻ, ഗണപതി, മുരുകൻ, ദ്വാരപാലകർ, മോഹിനിമാർ എന്നിവരുടെ ശിൽപങ്ങൾക്കും സന്തോഷാണ് നിറം നൽകുന്നത്.
പ്രതിഫലം നോക്കാതെ അയ്യപ്പസേവനമായി ഈ ജോലി തുടരുന്ന സന്തോഷ്, മരണംവരെ ഈ ദൗത്യം നിലനിർത്തണമെന്ന ആഗ്രഹത്തിലാണ്. 35 രൂപ ദിവസക്കൂലിക്കാണ് ക്ഷേത്രത്തിലെ പെയിന്റിംഗ് ജോലി ആരംഭിച്ചത്.
എഴുത്തുകാരനും കവിയും മാനിഷാദാ മാസികയുടെ എഡിറ്ററുമായ സന്തോഷ് സ്വാമി നിത്യചൈതന്യ യതിയുടെ സഹായിയായും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കവിതകളും കഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: നിഷ. മക്കൾ: നിരഞ്ജൻ, നിലാചന്ദന.